അമേരിക്കയില്‍ വില്‍ക്കുന്നത് കൂടുതലും ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നവ; ചൈനയെ മറികടന്ന് മുന്നേറ്റം
അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ ചൈനയെ മറികടന്നു
കൊച്ചി: ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി റെക്കാഡ് ഉയരത്തിലെത്തി. ഇന്ത്യന്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഉയര്‍ത്താനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് മുന്‍പ് ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാതാക്കള്‍ ഉത്പാദനം ഉയര്‍ത്തിയതാണ് കയറ്റുമതിയില്‍ കുതിപ്പുണ്ടാക്കിയത്. ഇന്ത്യന്‍ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ കണക്കുകളനുസരിച്ച് ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ അമേരിക്കയിലേക്കുള്ള സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി 190 ശതമാനം ഉയര്‍ന്ന് 840 കോടി ഡോളറായി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 290 കോടി ഡോളറായിരുന്നു കയറ്റുമതി വരുമാനം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൈവരിച്ച മൊത്തം സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനം തുകയിലേറെയാണ് നടപ്പുവര്‍ഷം ആദ്യ അഞ്ച് മാസത്തിനിടെ നേടിയത്. ആപ്പിള്‍ ഐ ഫോണിന്റെ കരാര്‍ നിര്‍മ്മാതാക്കളാണ് പ്രധാനമായും സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതിയില്‍ തിളങ്ങുന്നത്. അമേരിക്കയില്‍ വില്‍ക്കുന്ന ഐ ഫോണുകളില്‍ ബഹു ഭൂരിപക്ഷവും ഇന്ത്യയില്‍ നിന്നാണെന്ന് ആപ്പിള്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ടിം കുക്ക് പറയുന്നു. അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ ഏറ്റവും വലിയ കയറ്റുമതി അധിഷ്ഠിത വ്യവസായ മേഖലയായി സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണമായി മാറി.
സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ ഹബാകാന്‍ ഇന്ത്യ
സ്മാര്‍ട്ട് ഫോണ്‍, ഇലക്ട്രോണിക്സ് മേഖലയിലെ ആഗോള ഉത്പാദക കേന്ദ്രമായി ഇന്ത്യ അതിവേഗം മാറുന്നു. രാജ്യത്തെ ഇലകട്രോണിക്‌സ് മേഖലയിലേക്ക് ആഗോള കമ്പനികളുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ഉത്പാദന ബന്ധിത ആനുകൂല്യ(പി.എല്‍.ഐ) പദ്ധതിയാണ് കയറ്റുമതിക്കും നേട്ടമായത്. ആപ്പിള്‍, സാംസംഗ്, സിയോമി, വിവോ അടക്കമുള്ള ആഗോള ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യയില്‍ ഉത്പാദന സംവിധാനമുണ്ട്.
ഏപ്രില്‍-ആഗസ്റ്റ് കാലയളവിലെ സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി വരുമാനം
ഒരു ലക്ഷം കോടി രൂപ(1,170 കോടി ഡോളര്‍)
ഇക്കാര്യയളവില്‍ അമേരിക്കയിലേക്കുള്ള കയറ്റുമതി
74,000 കോടി രൂപ(840 കോടി ഡോളര്‍)
ആഗസ്റ്റിലെ കയറ്റുമതിയില്‍ 39% വര്‍ദ്ധന
ഇന്ത്യയില്‍ നിന്നുള്ള സ്മാര്‍ട്ട് ഫോണ്‍ കയറ്റുമതി 39 ശതമാനം ഉയര്‍ന്ന് 153 കോടി ഡോളറിലെത്തി. മുന്‍വര്‍ഷം ആഗസ്റ്റില്‍ കയറ്റുമതി 109 കോടി ഡോളറായിരുന്നു. അമേരിക്കയിലേക്കുള്ള കയറ്റുമതി ഇക്കാലയളവില്‍ 148 ശതമാനം വര്‍ദ്ധിച്ച് 96.5 കോടി ഡോളറായി.
ഇന്ത്യയിലെ പ്രമുഖ ഐ ഫോണ്‍ നിര്‍മ്മാതാക്കള്‍
ഫോക്സ്‌കോണ്‍, പെഗാട്രോണ്‍, ടാറ്റ ഇലക്ട്രോണിക്സ്