പ്രിസൺ ഓഫീസർമാരുടെ സ്ഥാനക്കയറ്റത്തിന് ഇളവ്

Friday 26 September 2025 1:19 AM IST

തിരുവനന്തപുരം: ജയിൽ വകുപ്പിലെ നോൺ ഗസറ്റഡ് എക്സിക്യുട്ടീവ് വിഭാഗം ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിന് സേവന കാലാവധിയിൽ ഇളവ് അനുവദിച്ച് ആഭ്യന്തര വകുപ്പ്. 12വർഷം സർവീസ് പൂർത്തിയാക്കിയ അസി. പ്രിസൺ ഓഫീസർമാർക്ക് ഡെപ്യൂട്ടി പ്രിസൺ ഓഫീസർ (നോൺ കേഡർ) ആയി സ്ഥാനക്കയറ്റം നൽകാം. 20വർഷം സർവീസ് പൂർത്തിയാക്കിയ അസി. പ്രിസൺ ഓഫീസർ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ, ഗേറ്റ് കീപ്പർ, പ്രിസൺ ഓഫീസർ എന്നിവർക്ക് അസി. സൂപ്രണ്ട് ഗ്രേഡ്- 2 (നോൺ കേഡർ) ആയി സ്ഥാനക്കയറ്റം അനുവദിക്കും. 25വർഷം പൂർത്തിയാക്കിയ അസി. പ്രിസൺ ഓഫീസർ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർ, പ്രിസൺ ഓഫീസർ, ഗേറ്റ് കീപ്പർ, അസി. സൂപ്രണ്ട് ഗ്രേഡ്- 2 എന്നിവർക്ക് അസി. സൂപ്രണ്ട് ഗ്രേഡ്- 1 (നോൺ കേഡർ) ആയി സ്ഥാനക്കയറ്റം നൽകാമെന്ന് ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ഇറക്കിയ ഉത്തരവിൽ പറയുന്നു. വ്യക്തിഗത റാങ്കിംഗ് അനുവദിക്കാനുള്ള കാലയളവ് കുറയ്ക്കണമെന്ന് ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേക്കുറിച്ച് ജയിൽ മേധാവി നൽകിയ ശുപാർശ കൂടി പരിഗണിച്ചാണ് സർക്കാർ ഉത്തരവ്.