ട്രാൻ. ബസിൽ മാലനഷ്ടമായി, തിരികെ കിട്ടാൻ 10,000 രൂപ

Friday 26 September 2025 12:24 AM IST

കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നതിനിടെ നഷ്ടമായ രണ്ട് പവന്റെ സ്വർണമാല തിരികെ ലഭിക്കാൻ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ വീട്ടമ്മയ്ക്ക് നൽകേണ്ടി വന്നത് 10,000 രൂപ. കുറ്റാമുക്ക് സ്വദേശിനി ശോഭയ്ക്കാണ് ഭർത്താവിന്റെ ചികിത്സയ്ക്കായി പണയം വയ്ക്കാൻ കൈയിൽ കരുതിയിരുന്ന മാല തിരികെ ലഭിക്കാൻ രൂപ കെട്ടിവയ്ക്കേണ്ടി വന്നത്.

കഴിഞ്ഞ 22 ന് ആയിരുന്നു സംഭവം. ഭർത്താവ് രാജേന്ദ്രൻ രക്തപരിശോധനാ ഫലം വാങ്ങാൻ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പോയി തിരികെ വരുകയായിരുന്നു ശോഭ. ബസിൽ കയറുമ്പോഴും ടിക്കറ്റ് എടുക്കാൻ പേഴ്സ് തുറക്കുമ്പോഴുമെല്ലാം മാല കൈവശം ഉണ്ടായിരുന്നു. എന്നാൽ തിരികെ വീട്ടിലെത്തി നോക്കുമ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം മനസിലാക്കുന്നത്. തുടർന്ന് ബസിറങ്ങിയ സ്ഥലത്തുൾപ്പടെ പരിശോധിച്ചു. ഇതിനിടെ കണ്ടക്ടർ മാല കരുനാഗപ്പള്ളി ഡിപ്പോയിൽ ഏൽപ്പിച്ചിരുന്നു. ഡിപ്പോ അധികൃതർ സമീപത്തെ സ്വർണക്കടയിലെത്തി തൂക്കം പരിശോധിച്ച് ഡിപ്പോയിലെ ലോക്കറിൽ സൂക്ഷിച്ചു.

ഇതിനിടെ കെ.എസ്.ആർ.ടി.സി ജീവനക്കാരനായിരുന്ന പ്രദേശവാസിയിൽ നിന്ന് വിവരമറിഞ്ഞ് കരുനാഗപ്പള്ളി ഡിപ്പോയിലെത്തിയപ്പോഴാണ് മാല ലഭിക്കാൻ 10,000 രൂപ കെട്ടിവയ്ക്കണമെന്ന് കാര്യം അറിയുന്നത്. സർവീസ് നടത്തുന്ന ബസിൽ നിന്നോ ഡിപ്പോപരിസരത്ത് നിന്നോ നഷ്ടപ്പെട്ട് കിട്ടുന്ന സാധനങ്ങൾ ഉടമസ്ഥന് തിരികെ നൽകുമ്പോൾ മതിപ്പ് വിലയുടെ 10 % ഈടാക്കും. ഇത്തരത്തിൽ 10,000 രൂപയാണ് ഈടാക്കുന്ന പരമാവധി തുക. ഇതാണ് ചട്ടം. അധികൃതർ അറിയിച്ചതിനെ തുടർന്ന് കടം വാങ്ങിയും മറ്റും ശേഖരിച്ച 10,000 രൂപ ഇന്നലെ കെട്ടിവച്ച് മാല തിരികെ വാങ്ങി.