ചെങ്കോട്ടയിലെ ശംഖ് മുദ്രയുള്ള കമാനം പൊളിച്ചു മാറ്റി
പഴക്കം
ഒന്നര നൂറ്റാണ്ടിലധികം
പുനലൂർ: ചെങ്കോട്ടയിൽ തിരുവിതാംകൂർ ശംഖ് മുദ്രയുള്ള ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള കമാനം പൊളിച്ചു മാറ്റി. രാജഭരണകാലത്തെ ചരിത്ര ശേഷിപ്പാണ് പൊളിച്ചുമാറ്റിയത്. ഇന്നലെ രാവിലെ കടയനല്ലൂർ എം.എൽഎ സി.കൃഷ്ണ മുരളിയുടെ സാന്നിദ്ധ്യത്തിലായിരുന്നു നടപടികൾ.
ചുടുകല്ലും സുർക്കിയും ഉപയോഗിച്ച് നിർമ്മിച്ച കമാനം ഗതാഗതത്തിന് തടസമാണെന്ന് കണ്ട് തമിഴ്നാട് ഹൈവേ വകുപ്പും പുരാവസ്തു വകുപ്പും പരിശോധിച്ച ശേഷമാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്തത്. നാളുകൾക്ക് മുമ്പ് ചരക്ക് ലോറി ഇടിച്ച് കമാനത്തിന്റെ മുകൾവശത്ത് കേടുപാടുകൾ സംഭവിച്ചിരുന്നു. അറ്റകുറ്റപ്പണി നടത്തി നിലനിറുത്താനായിരുന്നു തീരുമാനം.
പിന്നീടാണ് വലിയവാഹനങ്ങൾ കടന്നുപോകും വിധം കവാടം വീതി വർദ്ധിപ്പിച്ച് പുനർ നിർമ്മിക്കാൻ തീരുമാനിച്ചത്.
1956ൽ കേരളം രൂപീകരിച്ചപ്പോൾ ചെങ്കോട്ട താലൂക്ക് തമിഴ്നാട്ടിലായി. അതിനുശേഷം ചെങ്കോട്ട പഞ്ചായത്ത് അധികൃതർ കമാനം പട്ടണത്തിലേക്കുള്ള പ്രവേശന കവാടമാക്കി. കടയനല്ലൂർ എം.എൽ.എയുടെ ഫണ്ട് വിനിയോഗിച്ചാണ് പുതിക്കിപ്പണിയൽ.
രാജഭരണകാലത്തെ അതിർത്തി
തിരുവിതാംകൂർ രാജഭരണകാലത്ത് ചെങ്കോട്ടയിലുണ്ടായിരുന്ന തടി ഡിപ്പോയും കുറ്റാലത്തെ കൊട്ടാര ഭൂമിയുമൊക്കെ കേരളപ്പിറവിയോടെ സർക്കാരിന്റെ ഉടമസ്ഥതയിലായെങ്കിലും ചെങ്കോട്ടയിൽ ശംഖ് മുദ്രയുള്ള കവാടവും അനുബന്ധ സ്ഥലങ്ങളും തമിഴ്നാടിന് വിട്ടുകൊടുത്തു. സംസ്ഥാനങ്ങൾക്കിടയിലുള്ള അതിർത്തിയായിട്ടാണ് പ്രവേശന കവാടം നിർമ്മിച്ചിരുന്നത്. പ്രവേശന കവാടത്തിൽ രണ്ട് ദ്വാരപാലക പ്രതിമകളുമുണ്ട്. ദ്വാരപാലക പ്രതിമയ്‌ക്കൊപ്പം 33 ലക്ഷം രൂപ ചെലവിൽ വലിയ അലങ്കാര പ്രഭാവം സ്ഥാപിക്കാനാണ് തമിഴ്നാട് സർക്കാർ തീരുമാനം.