കിലോയ്ക്ക് 300 രൂപ നിരക്കിൽ വിറ്റവയ്ക്ക് ഇന്ന് വില നൂറിൽ താഴെ, തിരിച്ചടിക്ക് പിന്നിലെ കാരണമിതാണ്
കോട്ടയം : പ്രതീക്ഷയോടെ കൃഷിയിറക്കിയ ഇഞ്ചികർഷകരെ നിരാശയിലാഴ്ത്തി വിലിയിടിവും, രോഗബാധയും. കഴിഞ്ഞ വർഷത്തേതുപോലെ 300 രൂപ നിരക്കിൽ പച്ച ഇഞ്ചി വിൽക്കാമെന്ന് കരുതിയിരിക്കെ വില നൂറിന് താഴെയായി. ഇതിനൊപ്പമാണ് കേടുബാധയും. കിലോ നാനൂറു രൂപയ്ക്ക് വരെ വിത്ത് വാങ്ങി നട്ടവരാണ് ദുരിതത്തിലായത്. ഒരു മാസം മുൻപാണ് ഇഞ്ചിയുടെ ഇലകൾ മഞ്ഞളിച്ചും കരിഞ്ഞും കണ്ടു തുടങ്ങിയത്. ചീയലും ബാധിച്ചതോടെ നിലംപൊത്തി. വിളവെടുപ്പിന് രണ്ടു മാസം മാത്രം ബാക്കിനിൽക്കെയാണിത്. വിത്തിനെയും ചീയൽ ബാധിക്കുന്നുണ്ട്. ഇക്കൊല്ലത്തെ വിളവെടുപ്പ് നഷ്ടമാകുന്ന സ്ഥിതിയാണെന്ന് കർഷകർ പറയുന്നു.
പ്രതികൂല കാലാവസ്ഥ വില്ലൻ പൈറികുലേറിയ എന്ന കുമിളാണ് രോഗം പടർത്തുന്നത്. ജില്ലയിൽ ആദ്യമായാണിത്. ഇലകളും ഇലപ്പോളകളും മഞ്ഞനിറമായി ചെറുതായി കറുപ്പ് പാടുകൾ ഉണ്ടാകുന്നതാണ് ആദ്യ ലക്ഷണം. തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ ഇലകളിൽ, സ്ഥിരമായി ഈർപ്പമുള്ളതാകുന്നത് രോഗവ്യാപനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. സമീപ പ്രദേശങ്ങളിലേക്ക് അതിവേഗം വ്യാപിക്കാനുള്ള ശേഷി ഈ കുമിളിനുണ്ട്. ആഴ്ചകൾക്കുള്ളിൽ ഇല കൊഴിയുന്നതിനും ചെടി പൂർണമായി നശിക്കുന്നതിനും ഇത് ഇടയാക്കും.
മരുന്നുകൾ പ്രയോഗിച്ചിട്ടും രക്ഷയില്ല ബോർഡോമിശ്രിതവും കുമ്മായവും പ്രയോഗിച്ചെങ്കിലും രോഗം മാറുന്നില്ല
മഴ തോത് കൂടിനിന്നതാണ് കീടബാധയ്ക്ക് കാരണമായി പറയുന്നത്
സങ്കരയിനം ഇഞ്ചികൾക്ക് പഴയ ഇഞ്ചിയുടെ പ്രതിരോധശേഷിയില്ല
കർഷകർ കൃഷി ഓഫീസർമാരെ സമീപിച്ചെങ്കിലും പരിഹാരം അകലെ
''പ്രതിസന്ധികളെ തരണം ചെയ്ത് കൃഷിയിറക്കിയവർ ദുരിതത്തിലാണ്. വിളവെടുപ്പ് അടുക്കവെ ഇഞ്ചി വില കുത്തനെ കുറയുകയാണ്. കഴിഞ്ഞ വർഷം റെക്കാഡ് വിലയാണുണ്ടായിരുന്നത്. ഇത്തവണ ഒരു കിലോ വിത്തിൽ നിന്ന് ആറ് കിലോയ്ക്ക് മുകളിൽ വിളവ് ലഭിക്കുമെന്ന് ഒരുറപ്പുമില്ല.
-ജ്യോതിഷ്, കർഷകൻ