കാണണം ഈ കാത്തിരിപ്പ്
മറ്റ് സംസ്ഥാനങ്ങളേക്കാൾ റെക്കോഡ് പി.എസ്.സി നിയമനങ്ങൾ നടക്കുന്നെന്നാണ് സംസ്ഥാന സർക്കാരിന്റെ അവകാശവാദം. ഇത് ഒരുപരിധിവരെ സത്യമാണെങ്കിലും ഓരോ വർഷവും മെലിയുന്ന റാങ്ക് ലിസ്റ്റുകൾ ഉദ്യോഗാർത്ഥികളുടെ സ്വപ്നങ്ങൾ തകർക്കുകയാണ്. സിവിൽ പൊലീസ് ഓഫീസർ, വനിതാ സിവിൽ പൊലീസ് ഓഫീസർ, ഫയർമാൻ അടക്കം നിരവധി തസ്തികകളിലെ റാങ്ക് ലിസ്റ്റുകൾ 'സ്ഥിരമായി" മെലിയുകയാണ്.
'കേരളത്തിന്റെ സിവിൽ സർവീസ്" എന്ന് കൊട്ടിഘോഷിച്ച് നടപ്പാക്കിയ കെ.എ.എസിലും ഈ മെലിയൽ വരുമോ എന്ന ആശങ്കയിലാണ് ഉദ്യോർഗാർത്ഥികൾ. കെ.എ.എസ് മുഖ്യപരീക്ഷ എഴുതാൻ അർഹത നേടിയ ഉദ്യോഗാർത്ഥികളുടെ എണ്ണം കുറച്ചത് റാങ്ക് ലിസ്റ്റ് മെലിയാനുള്ള മുന്നൊരുക്കമാണെന്നാണ് ഉദ്യോഗാർത്ഥികൾ പരാതിപ്പെടുന്നത്. 97,204 പേർ ഇക്കുറി പ്രാഥമിക പരീക്ഷ എഴുതിയപ്പോൾ വെറും 677(0.69 %) പരീക്ഷാർത്ഥികൾ മാത്രമാണ് അർഹതാപ്പട്ടികയിൽ ഉൾപ്പെട്ടത്. മുഖ്യപരീക്ഷയും അഭിമുഖവും കഴിഞ്ഞ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ റാങ്ക് ലിസ്റ്റിന്റെ വലിപ്പം ആശ്ചര്യമാംവണ്ണം ചുരുങ്ങുമെന്നതിൽ സംശയം വേണ്ട.
ഒഴിവുകൾ ഇല്ലാത്തതല്ല, ഈ 'ചുരുക്കലിന്" പിന്നിൽ. വേറെ ലക്ഷ്യങ്ങളുണ്ടെന്നാണ് ഉദ്യോഗാർത്ഥികളുടെ ആക്ഷേപം. ചെറിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ അതിൽ ഭൂരിപക്ഷത്തിനും നിയമനം നൽകാൻ പ്രയാസമില്ല. റാങ്ക് ലിസ്റ്റിൽ നിന്ന് പൂർണമായും നിയമനം നടത്തിയെന്ന സത്പേരിനൊപ്പം, നികത്താതെ കിടക്കുന്ന ഏറെ ഒഴിവുകൾ മിച്ചം കിടക്കുകയും ചെയ്യും. ഫലത്തിൽ സാമ്പത്തിക പ്രയാസത്തിൽ നട്ടംതിരിയുന്ന സർക്കാരിന് 'ഒരുവെടിക്ക് രണ്ടു പക്ഷിയാണ്" ഈ മെലിയൽ.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത്
അവസാന ദിവസം
മൂന്നുവർഷ കാലാവധിയുള്ള റാങ്ക് ലിസ്റ്റിന്റെ അവസാന ദിവസങ്ങളിൽ മാത്രം കൂട്ടത്തോടെ ഒഴിവു റിപ്പോർട്ട് ചെയ്യുകയും നിയമന ഉത്തരവ് നൽകുകയും ചെയ്തശേഷം മിടുക്ക് കാട്ടുന്നതിൽ എന്ത് ആത്മാർത്ഥതയാണുള്ളതെന്നാണ് ഉദ്യോഗാർത്ഥികൾ ചോദിക്കുന്നത്. രണ്ടുമാസം മുൻപ് കാലാവധി അവസാനിച്ച ലാസ്റ്റ് ഗ്രേഡ്, എൽ.ഡി ക്ലാർക്ക് റാങ്ക് ലിസ്റ്റുകളുടെ അവസാന ദിവസങ്ങളിലാണ് ഇത്തരമൊരു 'സ്‌പെഷ്യൽ ഡ്രൈവ്" നടന്നത്. അവസാന നിമിഷമെങ്കിലും പരമാവധി ഒഴിവ് റിപ്പോർട്ട് ചെയ്തത് സ്വാഗതാർഹമാണ്. പക്ഷേ, അതിന് ലിസ്റ്റിന്റെ കാലാവധി തീരുംവരെ കാത്തിരിക്കണോ എന്നതാണ് സംശയം?
ജൂലായ് 17നാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകൾ റദ്ദായത്. റിപ്പോർട്ട് ചെയ്യാനുള്ള ശുഷ്‌കാന്തി ബന്ധപ്പെട്ടവർ കാണിക്കാത്തതിനാൽ ലിസ്റ്റിന്റെ ആദ്യ വർഷങ്ങളിൽ നാമമാത്രമായ നിയമനങ്ങളാണ് നടന്നത്. മൂന്നാം വർഷത്തിലെ കാലാവധി അവസാനിക്കാറായ ജൂണിൽ 284 ഒഴിവും ജൂലായിലെ 17 ദിവസങ്ങളിലായി 702 ഒഴിവും റിപ്പോർട്ട് ചെയ്തു. ഇതിൽ 129 ഒഴിവും ലിസ്റ്റ് അവസാനിച്ച ജൂലായ് 17നാണ് റിപ്പോർട്ട് ചെയ്തത്. ഈ ഒഴിവുകൾ മാസങ്ങൾക്ക് മുൻപ് റിപ്പോർട്ട് ചെയ്യാൻ സാധിക്കുമായിരുന്നു. അങ്ങനെയെങ്കിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് നേരത്തെ നിയമനം ലഭിച്ചേനെ.
എൽ.ഡി ക്ലാർക്കിലും സമാന സ്ഥിതി
എൽ.ഡി ക്ലാർക്ക് തസ്തികയിലും അവസാന രണ്ടു മാസങ്ങളിൽ ഒഴിവുകളുടെ റിപ്പോർട്ടിംഗ് തുടർച്ചയായിരുന്നു. ജൂണിൽ 276 ഒഴിവും ജൂലായിൽ ആയിരത്തിലധികം ഒഴിവും റിപ്പോർട്ട് ചെയ്തു. പി.എസ്.സി പരീക്ഷ പാസായി റാങ്ക് ലിസ്റ്റിൽ പേരുള്ളവർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യിക്കാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്.
പി.എസ്.സി നിയമനം
2021 -------------------------------26,724 2022 -------------------------------22,393 2023 -------------------------------34,110 2024 --------------------------------34,194 2025 ജൂലായ് 31 വരെ ------21,102