തലസ്ഥാനത്ത് മഴ ശക്തം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. പലയിടത്തും റോഡുകളിൽ വെള്ളം കയറി. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്ന് കളക്ടർ അറിയിച്ചു. അവധി പ്രഖ്യാപിക്കാൻ വൈകിയതോടെ വിദ്യാർത്ഥികൾ വലഞ്ഞു. പലരും വീട്ടിൽ നിന്നിറങ്ങിയ ശേഷമാണ് അവധിയാണെന്ന് അറിഞ്ഞത്.
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂർ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കൊല്ലം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.