"എന്റെ കൈയിൽ രേഖയില്ല; ജില്ലാ സെക്രട്ടറിയും ഷാഫിയും തമ്മിലുള്ളത് അവർ തമ്മിലായിക്കോട്ടേ, അതിൽ കക്ഷി ചേരാനില്ല"

Friday 26 September 2025 7:59 AM IST

തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപിക്കെതിരായ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്റെ ആരോപണത്തിൽ കക്ഷി ചേരാനില്ലെന്ന് മുൻമന്ത്രി എ കെ ബാലൻ. ആരോപണം തെളിയിക്കാൻ സുരേഷ് ബാബുവിന്റെ കൈയിൽ രേഖ ഉണ്ടായിരിക്കുമല്ലോ. തന്റെ കൈയിൽ രേഖയില്ലാത്തതിനാൽ ആരോപണമുന്നയിക്കുന്നില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. 'ഷാഫിക്കെതിരെ തെളിവുകൾ ഉള്ള ആൾക്കാരാണല്ലോ പറയുന്നത്. എന്റെ കൈയിൽ രേഖയുണ്ടായിരുന്നെങ്കിൽ ഞാൻ പറയുമായിരുന്നു. ജില്ലാ സെക്രട്ടറിയും ഷാഫിയും തമ്മിലുള്ളത് അവർ തമ്മിലായിക്കോട്ടേ. അതിൽ കക്ഷി ചേരാനില്ല.'- എ കെ ബാലൻ വ്യക്തമാക്കി.

ഷാഫി പറമ്പിലിനെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടായിരുന്നു ഇ എൻ സുരേഷ് ബാബു ഇന്നലെ രംഗത്തെത്തിയത്. സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ്‌മാസ്റ്ററാണ് ഷാഫിയെന്നും ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബംഗളൂരുവിലേക്ക് വിളിക്കുമെന്നുമായിരുന്നു ആരോപണം.

'നേതാക്കൾ പേടിക്കുന്നത് വേറെയൊന്നുംകൊണ്ടല്ല. ഹെഡ്മാഷ് ആയിട്ടുള്ള ആളാരാണ്? ഇയാളെ എംഎൽഎ ആക്കാൻ പത്തനംതിട്ടയിൽ നിന്ന് ക്ഷണിച്ചുകൊണ്ടുവന്ന ഷാഫി പറമ്പിലാണ്. ഷാഫിയെ ഞാൻ വെല്ലുവിളിക്കുന്നു. ഈ രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് ഒരു തരത്തിലും ഞാൻ അംഗീകരിക്കില്ല, രാഹുലിനെതിരെ ശക്തമായ നടപടി ഇനിയും വേണം, രാജിവയ്ക്കണമെന്ന് പറയാൻ ഷാഫി പറമ്പിൽ തയ്യാറാകുമോ?

തയ്യാറാകില്ല. കാരണമെന്താ? ഇക്കാര്യത്തിൽ കൂട്ടുകച്ചവടമാണ്. ഇവനെക്കാൾ കൂടുതൽ, ചില ആളുകളെ കാണുമ്പോൾ പരസ്യമായി നേരിട്ട് ചോദിക്കുകയാണെന്നാണ് പറയുന്നത്. അതൊന്നും ഞാൻ ഇവിടെ പറയുന്നില്ല. സത്യം പറഞ്ഞാൽ അതിശയം തോന്നുകയാണ്. ആലോചിക്കാൻ പോലും പറ്റാത്ത കാര്യമാണ്. ഭംഗിയുള്ള ഒരാളെ കണ്ടാൽ ബംഗളൂരുവിലേക്ക് ട്രിപ്പടിക്കാമെന്നാണ് ഹെഡ്മാഷ് തന്നെ ചോദിക്കുന്നത്. അപ്പോൾപ്പിന്നെ രാഹുലിനെതിരെ എന്തെങ്കിലും മിണ്ടുമോ'- എന്നായിരുന്നു ജില്ലാ സെക്രട്ടറി പറഞ്ഞത്.

വ്യക്തിഹത്യയാണ് നടത്തിയതെന്നും നിയമനടപടിയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചിരുന്നു.സംഭവത്തിൽ സുരേഷ് ബാബുവിനെതിരെ കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പ്രമോദാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.