'സാറിന്നലെ ഈ നാട്ടിലൊന്നും അല്ലായിരുന്നോ? കുറച്ചുകൂടി കഴിഞ്ഞിട്ട് മതിയായിരുന്നു'; അവധി പ്രഖ്യാപനം വൈകിയതിൽ കളക്ടർക്ക് വിമർശനം

Friday 26 September 2025 8:25 AM IST

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രാവിലെ ആറരയോടെയാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. ഇത് വിദ്യാർത്ഥികളെ വലിയ രീതിയിൽ വലച്ചു. പല സ്‌കൂൾ ബസുകളും പുറപ്പെട്ട ശേഷമാണ് അവധിയാണെന്ന് അറിയുന്നത്.

ഇന്നലെ മുതൽ തലസ്ഥാനത്ത് കനത്ത മഴയാണ്. തമ്പാനൂരിലടക്കം റോഡിൽ വെള്ളം കയറി. ഇത്തരമൊരു സാഹചര്യമുണ്ടായിട്ടും അവധി പ്രഖ്യാപനം വൈകിയതിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നു. അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള കളക്ടറുടെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ നിരവധി പേരാണ് രോഷം പ്രകടിപ്പിച്ചുകൊണ്ട് കമന്റ് ചെയ്‌തിരിക്കുന്നത്.

'സാറിന്നലെ ഈ നാട്ടിലൊന്നും അല്ലായിരുന്നോ?', 'കുറച്ചുകൂടി കഴിഞ്ഞിട്ട് മതിയായിരുന്നു', 'സ്കൂളിൽ പോകാൻ കുട്ടികൾ റെഡി ആയതിന് ശേഷമാണോ അവധി പ്രഖ്യാപിക്കുന്നത്', 'ഒരു ഉച്ച ആകുമ്പോൾ പ്രഖ്യാപിച്ചാൽ കുറച്ചുകൂടി സൗകര്യത്തിൽ കാര്യങ്ങൾ ചെയ്യാമായിരുന്നു. 6.15 മണിക്ക് കൊച്ചിനെ വിളിക്കുന്നതിന് മുൻപ് വരെയും നോക്കിയതാ. സ്കൂൾ ബസ് വരുന്നതിന് കൃത്യം അഞ്ച് മിനിറ്റ് മുൻപ് അപ്ഡേറ്റ്', 'ബുധനാഴ്ച്ച രാത്രി തുടങ്ങിയ മഴ... ഇപ്പോഴും ശക്തമായി പെയ്തുകൊണ്ടിരിക്കുന്നു... സ്കൂളിൽ കുട്ടികൾ പോയതിന് ശേഷം അവധി പ്രഖ്യാപിക്കുന്നത് ഒരു സ്ഥിരം പല്ലവി ആകുന്നു... രണ്ടു രാത്രിയും ഇന്നലെ പകലും നല്ല മഴ ഉണ്ടായിട്ടും കളക്ടർ കാണാഞ്ഞത് വളരെ കഷ്ടം ആയി പോയി', 'മാഡം ഇപ്പോഴാണോ ഉണർന്നത്'- എന്നിങ്ങനെ പോകുന്നു കമന്റുകൾ.

പൊൻമുടി അടച്ചു

പ്രതികൂല കാലാവസ്ഥ കാരണം പൊൻമുടി ഇക്കോ ടൂറിസം ഇന്ന് മുതൽ ഇനി ഒരു അറിയിപ്പ്‌ ഉണ്ടാകുന്നതുവരെ അടച്ചിടണമെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.