മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ വാഹനാപകടം; പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Friday 26 September 2025 8:40 AM IST

കാസർകോട്: മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ബേക്കൽ ഡി വൈ എസ് പിയുടെ ഡാൻസാഫ് സ്‌ക്വാഡിലെ സീനിയർ സിപിഒ സജീഷാണ് (40) മരിച്ചത്. ചെങ്കള നാലാം മൈലിൽ ഇന്ന് പുലർച്ചെ 2.45ഓടെയായിരുന്നു അപകടമുണ്ടായത്.

ഇന്നലെ വൈകിട്ട് നാലരയോടെ കാറിൽ കടത്തിക്കൊണ്ടുപോകുകയായിരുന്ന മയക്കുമരുന്ന് മേൽപ്പറമ്പ് പൊലീസ് പിടികൂടിയിരുന്നു. കേസിൽ ചട്ടഞ്ചാൽ സ്വദേശിയായ അഹമ്മദ് കബീറിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മറ്റൊരു പ്രതിയായ കണ്ണൂർ സ്വദേശി ഡോ. മുനീർ രക്ഷപ്പെട്ടു.

മുനീർ കാസർകോട് ഭാഗത്തുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അങ്ങോട്ടേക്ക് പോകുകയായിരുന്നു സജീഷും സംഘവും. നാലാം മൈൽ അണ്ടർ പാസേജിന്റെ തെക്ക് ഭാഗത്തുനിന്ന് സർവീസ് റോഡിലേക്ക് കയറവേ ചെർക്കള ഭാഗത്തു നിന്നും കാസർകോടേക്ക് പോകുകയായിരുന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.

സജീഷിനൊപ്പമുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ സുഭാഷിനും അപകടത്തിൽ പരിക്കേറ്റു. സുഭാഷ് ചെങ്കള ഇകെ നായനാർ ആശുപത്രിയിൽ ചികിത്സയിലാണ്. അശ്രദ്ധയോടെ വണ്ടിയോടിച്ച ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സജീഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ ജില്ലാ പൊലീസ് ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കും. ഭാര്യ: ഷൈനി. മക്കൾ: ദിയ, ദേവനന്ദൻ.