ഇഡലി, അപ്പം, ഇടിയപ്പം, ചപ്പാത്തി, സാമ്പാർ അടക്കമുള്ള കറികളും; ഇനിമുതൽ വെറും പത്ത് രൂപ നൽകിയാൽ വയറുനിറയ്‌ക്കാം

Friday 26 September 2025 10:14 AM IST

കൊല്ലം: കോർപ്പറേഷന്റെ നേതൃത്വത്തിൽ പത്ത് രൂപയ്ക്ക് പ്രഭാത ഭക്ഷണം നൽകുന്ന 'ഗുഡ്‌മോണിംഗ് കൊല്ലം' പദ്ധതി കൂടുതൽ ഇടങ്ങളിലേക്ക്. ശക്തികുളങ്ങര, അഞ്ചാലുംമൂട് എന്നിവിടങ്ങളിൽ കൂടി കൗണ്ടറുകൾ തുടങ്ങുന്നത് പരിഗണനയിലാണെന്ന് മേയർ ഹണി ബഞ്ചമിൻ പറഞ്ഞു.

ചിന്നക്കടയിലെ ബസ്‌ബേയിലാണ് പ്രഭാത ഭക്ഷണ വിതരണ കൗണ്ടർ പ്രവർത്തിക്കുന്നത്. കൊല്ലം കോർപ്പറേഷനാണ് വികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതി നടപ്പാക്കുന്നത്. ഗുണഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന 10 രൂപയോടൊപ്പം കോർപ്പറേഷൻ 30 രൂപ വീതം വകയിരുത്തിയാണ് ജനങ്ങൾക്ക് പ്രഭാത ഭക്ഷണം ഉറപ്പാക്കുന്നത്. ഗുണഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന 10 രൂപ കുടുംബശ്രീ പ്രവർത്തകർക്ക് നൽകും. കൊല്ലം ആശ്രാമത്തെ സ്‌നേഹിത കുടുംബശ്രീ പ്രവർത്തക രജിതയ്ക്കാണ് ഇതിന് കരാർ നൽകിയിട്ടുള്ളത്.

ഇഡലി, അപ്പം സാമ്പാർ റെഡി ഇഡലി, അപ്പം, ഇടിയപ്പം, ചപ്പാത്തി എന്നിവയാണ് മെനുവിലുള്ളത്. കടലക്കറി, കിഴങ്ങ് കറി, സാമ്പാർ എന്നിവയാണ് കറികൾ. ഭക്ഷണം പാഴ്‌സലായി ലഭിക്കില്ല. 300 പേർക്കുള്ള ഭക്ഷണമാണ് പ്രതിദിനം വിതരണം ചെയ്യുന്നത്. കുടിക്കാനുള്ള വെള്ളവും നൽകും. ചായയ്ക്ക് 10 രൂപ അധികം നൽകണം. നാലിൽ കൂടുതൽ എണ്ണം പലഹാരം വേണമെങ്കിലും 10 രൂപ കൂടിയാകും. ഓരോ ദിവസവും ഓരോ വിഭവം.

ഭക്ഷണവിതരണം

രാവിലെ 7- 9.30