സിന്ദൂരമോ താലിയോ ഇടാറില്ല, ഭർത്താവ് ഇതൊന്നും ചെയ്യാറില്ല, ഞാൻ എന്തിന് ചെയ്യണം? വിവാഹശേഷം മാറ്റംവന്നത് ഒറ്റക്കാര്യത്തിൽ

Friday 26 September 2025 10:47 AM IST

വിവാഹം ഇന്ന് പഴയതുപോലെയല്ല. പണ്ട് ഭർത്താവ് സമ്പാദിച്ചുകൊണ്ടുവരികയും ഭാര്യ വീട്ടുജോലി ചെയ്യുന്നതുമായിരുന്നു മിക്ക വീടുകളിലെയും കാഴ്ച. എന്നാൽ കാലം മാറിയതോടെ ദാമ്പത്യ ജീവിതത്തിലും മാറ്റങ്ങൾ സംഭവിച്ചു. ഇന്ന് മിക്ക ദമ്പതികളും ഉത്തരവാദിത്തങ്ങൾ പരസ്പരം പങ്കിടുകയാണ് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് കണ്ടന്റ് ക്രിയേറ്ററും തെറാപ്പിസ്റ്റുമായ ദിവിജ ഭാസിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഈ വീഡിയോ ചിലപ്പോൾ വലിയ വിവാദത്തിന് വഴിവച്ചേക്കാമെന്ന് പറഞ്ഞുകൊണ്ടാണ് യുവതി പറഞ്ഞുതുടങ്ങുന്നത്. സിന്ദൂരമോ താലിയോ ധരിക്കാത്തതിനെ കുറിച്ചൊക്കെയാണ് വീഡിയോയിൽ പറയുന്നത്.

'ഞാൻ അപേക്ഷകൾ പൂരിപ്പിക്കുമ്പോൾ മിസിസ് ദിവിജയ്ക്ക് പകരം മിസ്സ് ദിവിജ എന്ന് ടിക്ക് ചെയ്യാറുണ്ട്. ഞാൻ എന്റെ ഭർത്താവിന്റെ കുടുംബപ്പേര് പേരിനൊപ്പം വയ്ക്കാറില്ല. ഞാൻ സിന്ദൂരമോ താലിയോ ധരിക്കാറില്ല. എന്റെ ഭർത്താവ് ഇതൊന്നും ധരിക്കാറില്ല. അപ്പോൾ ഞാൻ എന്തിന് ധരിക്കണം. പകരം ഞങ്ങൾ രണ്ടുപേരും ബ്രേസ്ലെറ്റ് ധരിക്കുന്നു.

വിവാഹത്തിനു ശേഷവും ഞാൻ പഴയ വ്യക്തി തന്നെയാണ്. എനിക്ക് വേണ്ടത് ഞാൻ ധരിക്കുന്നു. എനിക്ക് വേണ്ടത് ഞാൻ ചെയ്യുന്നു. ഞാൻ സാമ്പത്തികമായി സ്വതന്ത്രയാണ്. വിവാഹശേഷം ഞങ്ങൾ രണ്ടുപേരും വാടകയ്ക്ക് വീടെടുത്തു. ഞങ്ങൾ രണ്ടപേരും മാതാപിതാക്കളെ സ്‌നേഹിക്കുന്നുണ്ടെങ്കിലും, അവർ ഞങ്ങളോടൊപ്പം താമസിക്കുന്നില്ല. ഞങ്ങൾ രണ്ടുപേരും സമ്പാദിക്കുന്നതിനാലും ഒരു കുക്കിനെ വയ്ക്കാനുള്ള പണമുള്ളതുകൊണ്ടും അങ്ങനെ ചെയ്യുന്നു. ഇല്ലെങ്കിൽ, ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് പാചകം ചെയ്യാനും പഠിക്കുമായിരുന്നു. ഇതൊന്നും വിശ്വസിക്കാത്ത ഒരാളെ ഞാൻ വിവാഹം കഴിക്കില്ലായിരുന്നു. വിവാഹശേഷം എന്റെ ജീവിതത്തിൽ വന്ന ഒരേയൊരു മാറ്റം, ഇപ്പോൾ എല്ലാ രാത്രിയിലും എന്റെ കാമുകനോടൊപ്പം ഉറങ്ങാൻ കഴിയുന്നു എന്നതാണ്,

എന്തിനാണ് ഞാൻ ഇതെല്ലാം നിങ്ങളോട് പറയുന്നത്? കാരണം വിവാഹം എന്നത് സ്ത്രീക്ക് എല്ലാം മാറ്റേണ്ടിവരുന്ന ഭയാനകവും നെഗറ്റീവ് അനുഭവവുമാകണമെന്നില്ല. പുരുഷന് കുടുംബത്തോടൊപ്പം ജീവിക്കാനും, കരിയർ നേടാനും, അവൻ ആഗ്രഹിക്കുന്നതെന്തും ചെയ്യാനും കഴിയുന്നു. വിവാഹം പരസ്പരം തുല്യതയുടേത് കൂടിയായിരിക്കണം. നമ്മുടെ സമൂഹമാണ് അതിനെ തുല്യമാക്കാത്തത്. സമൂഹം മറ്റുള്ളവരെക്കൊണ്ടല്ല നിർമ്മിച്ചിരിക്കുന്നത്. അതിൽ ഞാനും ഉൾപ്പെടുന്നു, നിയമങ്ങൾ മാറ്റണമെങ്കിൽ ഞാൻ അത് ചെയ്യും.'- യുവതി പറഞ്ഞു.

യുവതിയുടെ വീഡിയോ വളരെപ്പെട്ടന്നുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ചിലർ പുരോഗമന ചിന്താഗതിയെ അഭിനന്ദിക്കുമ്പോൾ മറ്റുചിലർ വിമർശിക്കുന്നു. 'സിന്ദൂരവും മംഗല്യസൂത്രവും അടിച്ചമർത്തലിന്റെ അടയാളമല്ല.... അത് ദൈവികമാണ്... അത് നമ്മുടെ സംസ്‌കാരമാണ്... സ്ത്രീ ശാക്തീകരണം എന്നാൽ അവർ അവരുടെ വേരുകളും സംസ്‌കാരവും മറക്കണം എന്നല്ല.'- എന്നാണ് ഒരാൾ കമന്റായി കുറിച്ചത്.