'ഒമ്പത് വർഷം ശബരിമലയ്‌ക്ക് വേണ്ടി ചെറുവിരൽ അനക്കിയില്ല, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാസ്റ്റർ പ്ലാൻ, പച്ചയ്‌ക്കുള്ള വർഗീയതയാണിത്'

Friday 26 September 2025 11:11 AM IST

തിരുവനന്തപുരം: കേരളത്തിലെ സർക്കാരിന് ഇത്രയും വർഷമില്ലാത്ത അയ്യപ്പ ഭക്തി പെട്ടെന്നെങ്ങനെ ഉണ്ടായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ശബരിമല ആചാര ലംഘനത്തെ അനുകൂലിച്ച് നൽകിയ സത്യവാങ്‌മൂലം തിരുത്താൻ സർക്കാർ തയ്യാറാകുമോ? പിണറായി വിജയന് പറ്റിയ കൂട്ടാണ് യോഗി ആദിത്യനാഥെന്നും പ്രതിപക്ഷ നേതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

വിഡി സതീശൻ പറഞ്ഞത്:

'എൻഎസ്എസ് ഉൾപ്പെടെയുള്ള സമുദായ സംഘടനകൾക്ക് എന്ത് തീരുമാനം വെണമെങ്കിലും എടുക്കാം. അത് അവരുടെ സ്വാതന്ത്ര്യമാണ്. ഞങ്ങൾക്ക് ഗവൺമെന്റിനോടാണ് ചോദിക്കാനുള്ളത്. മൂന്ന് ചോദ്യങ്ങൾക്ക് സർക്കാർ ഉത്തരം നൽകണം. ഒന്നാമത്തേത്, ഈ പത്താം വർഷം എങ്ങനെയാണ് പെട്ടെന്നൊരു അയ്യപ്പ ഭക്തി വന്നത്. ശബരിമലയിൽ ആചാര ലംഘനത്തിന് അനുകൂലമായ സത്യവാങ്‌മൂലമാണ് സർക്കാർ കൊടുത്തിരിക്കുന്നത്. അത് തിരുത്താൻ സർക്കാർ തയ്യാറാകുമോ?

രണ്ടാമത്തെ ചോദ്യം, നാമജപ ഘോഷയാത്ര നടത്തിയ എൻഎസ്‌എസ് പ്രവർത്തകർക്കും രാഷ്‌ട്രീയ പ്രവർത്തകർക്കും ഉൾപ്പെടെ ആയിരക്കണക്കിന് കേസുകളാണ് എടുത്തിരിക്കുന്നത്. അതൊന്നും ഇതുവരെ പിൻവലിച്ചിട്ടില്ല. അയ്യപ്പ സംഗമത്തിന് മുമ്പ് ആ കേസുകൾ പിൻവലിക്കേണ്ടതല്ലേ. ഒമ്പത് വർഷം ശബരിമലയുടെ വികസനത്തിന് വേണ്ടി ചെറുവിരൽ പോലും അനക്കിയില്ല. പത്താം വർഷമാണ് മാസ്റ്റർ പ്ലാൻ ഇറക്കിയത്.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ശബരിമല മാസ്റ്റർ പ്ലാനുമായി ഇറങ്ങിയ കപട ഭക്തരെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടേണ്ട രാഷ്‌ട്രീയ ദൗത്യം ആണ് ഞങ്ങൾ ഏറ്റെടുത്തത്. സർക്കാരിന്റെ യഥാർത്ഥ മുഖം ജനങ്ങൾക്ക് മുന്നിൽ കാണിക്കേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കുണ്ടായിരുന്നു. യോഗി ആദിത്യനാഥിന്റെ സന്ദേശം കണ്ട് ഒരു മന്ത്രി കോൾമയിർ കൊള്ളുകയാണ്. ഇത് കണ്ട് എത്ര ബിജെപിക്കാർ കോരിത്തരിച്ചുകാണും. വിദ്വേഷ പ്രസംഗം നടത്തുന്ന ആളുകളെ വേദിയിൽ കൊണ്ടുവന്നതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നത്.

കേരളത്തിൽ ബിജെപിക്കും വർഗീയ ശക്തികൾക്കും ഇടംനൽകിക്കൊണ്ടുള്ള ഇടപെടലാണ് ഇപ്പോൾ സിപിഎം നടത്തുന്നത്. പച്ചയ്‌ക്കുള്ള വർഗീയതയാണിത്. യോഗി ആദിത്യനാഥ് പിണറായി വിജയന് പറ്റിയ നല്ല കൂട്ടുകാരനാണ്. ആര് വർഗീയത പറഞ്ഞാലും കേരളത്തിലെ യുഡിഎഫ് എതിർക്കും. അതിന്റെ പേരിൽ എന്ത് പ്രശ്‌നം വന്നാലും സഹിക്കാൻ ഞങ്ങൾ തയ്യാറാണ്. '