'മാറ്റിപറയില്ല, കോലിട്ടിളക്കിയാൽ പ്രത്യാഘാതം പ്രയാസമായിരിക്കും'; ഷാഫിക്കെതിരായ പരാമർശത്തിൽ ഇഎൻ സുരേഷ് ബാബു

Friday 26 September 2025 11:22 AM IST

പാലക്കാട്: ഷാഫി പറമ്പിൽ എംപിക്കെതിരെ പറഞ്ഞ കാര്യങ്ങൾ മാറ്റി പറയാനില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. കോൺഗ്രസിന് പരാതി കൊടുക്കാമെന്നും പറഞ്ഞ കാര്യങ്ങൾ അതേപോലെ നിലനിൽക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസിനകത്ത് ഷാഫിയെ വീഴ്‌ത്താൻ നടക്കുന്നവർ മുന്നോട്ട് പോകുമെന്നും അനാവശ്യമായി കോലിട്ടിളക്കിയാൽ പ്രത്യാഘാതം നല്ല പ്രയാസമായിരിക്കുമെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു. കേരളത്തിലെ വികസനമാണ് ചർച്ച ചെയ്യേണ്ടതെന്നും നേതാക്കളുടെ അശ്ലീലങ്ങൾ ചർച്ച ചെയ്യാൻ താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സുരേഷ് ബാബുവിന്റെ അധിക്ഷേപ പരാമർശത്തിൽ കോൺഗ്രസ് പ്രവർത്തകർ ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പന്തംകൊളുത്തിയായിരുന്നു പ്രതിഷേധം. എതിരാളികൾക്കെതിരെ ആരോപണങ്ങളും കടന്ന് അധിക്ഷേപമെന്ന രീതിയാണോ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് തന്ത്രമെന്ന് ഷാഫി പറമ്പിലും ചോദിച്ചു. സംഭവത്തിൽ പ്രതിപക്ഷനേതാവ് വിഡി സതീശനും പ്രതികരിച്ചു. അപവാദ പ്രചാരണങ്ങൾ നടത്തുന്നതിനുവേണ്ടി മാത്രമായി സിപിഎം വലിയ സംഘത്തെ ഇറക്കിവിട്ടിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. സുരേഷ് ബാബുവിന്റെ പരാമർശം ധാർമികതയ്ക്ക് നിരക്കാത്തതാണെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

ലൈംഗിക പീഡന ആരോപണങ്ങൾ നേരിട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കുക തന്നെ വേണമെന്ന് ആവശ്യപ്പെടാൻ ഷാഫി പറമ്പിലിനെ വെല്ലുവിളിക്കുകയാണെന്ന് പറഞ്ഞാണ് സുരേഷ് ബാബു അധിക്ഷേപ പരാമർശം നടത്തിയത്. ഈ കാര്യത്തിൽ കൂട്ടുക്കച്ചവടമാണ് ഷാഫിയും രാഹുലും നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. ആരെയെങ്കിലും നന്നായി കണ്ടാൽ ബംഗളൂരു ട്രിപ്പ് അടിക്കുകയല്ലേ എന്ന് ഹെഡ്മാഷ് ചോദിക്കുമെന്ന് ദ്വയാർത്ഥത്തോടെ സുരേഷ് ബാബു പറഞ്ഞിരുന്നു.