തലസ്ഥാന നഗരത്തെ മുക്കി പെരുമഴ, പലയിടങ്ങളിലും കനത്ത വെള്ളക്കെട്ട്, മലയോര മേഖലയിലും സമാനസ്ഥിതി
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. തെക്കൻ, മദ്ധ്യ കേരളത്തിലാണ് മഴ ശക്തമായത്. കഴിഞ്ഞ രണ്ട് ദിവസമായി തുടർച്ചയായി പെയ്‌ത മഴയിൽ തിരുവനന്തപുരം ജില്ലയിൽ പലയിടത്തും വലിയ വെള്ളക്കെട്ടാണ് ഉണ്ടായത്. തലസ്ഥാന നഗരത്തിൽ തമ്പാനൂർ, ശ്രീകണ്‌ഠേശ്വരം, ചാല, കമലേശ്വരം, ചാക്ക, കിംസ് ആശുപത്രി പരിസരം, തിരുവല്ലം പരശുരാമ ക്ഷേത്ര പരിസരം എന്നിങ്ങനെ 14ഓളം ഇടങ്ങളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. കഴിഞ്ഞ ഒരുമണിക്കൂറോളമായി മഴ ശക്തി അൽപം കുറഞ്ഞിട്ടുണ്ട്. മലയോര മേഖലയിലും സ്ഥിതി സമാനമാണ്.
ഉൾവനങ്ങളിലും മഴ ശക്തമാണ്. വാമനപുരം നദിയിൽ മഴയെ തുടർന്ന് നീരൊഴുക്ക് ശക്തമായി. മലയോരമേഖലയിൽ മഴ തുടർന്നാണ് മണ്ണിടിച്ചിൽ ഭീഷണിയുമുണ്ട്. അരുവിക്കര ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ ഷട്ടർ 15 സെന്റീമീറ്റർ വീതം ഉയർത്തി. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചിട്ടുണ്ട്. അതേസമയം പ്രതികൂല കാലാവസ്ഥ കാരണം പൊൻമുടി ഇക്കോ ടൂറിസം ഇന്ന് മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടണമെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
ശക്തമായ മഴയാണെങ്കിലും ഇന്ന് രാവിലെ ആറരയോടെ മാത്രമാണ് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. തുടർന്ന് സമൂഹമാദ്ധ്യമങ്ങളിൽ അവധി പോസ്റ്റിനുതാഴെ ജില്ലാ കളക്‌ടർക്കെതിരെ രക്ഷകർത്താക്കൾ രൂക്ഷമായാണ് പ്രതികരിച്ചത്. പലയിടത്തും കുട്ടികളെ വിളിക്കാൻ സ്‌കൂൾബസുകൾ പുറപ്പെട്ട ശേഷമാണ് അവധി പ്രഖ്യാപനം വന്നത്. ഇതായിരുന്നു വിമർശനത്തിന് കാരണം.