'എയിംസ് കാസർകോട് തന്നെ വേണം, കോഴിക്കോട് വേണമെന്ന് മുഖ്യമന്ത്രി വാശിപിടിക്കുന്നു'; രാജ്‌മോഹൻ ഉണ്ണിത്താൻ

Friday 26 September 2025 12:36 PM IST

കാസർകോട്: എയിംസ് കാസർകോട് തന്നെ വേണമെന്നാണ് ആവശ്യമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. വിളിച്ചുകൂട്ടിയ എല്ലാ യോഗത്തിലും പിണറായി വിജയനുമായി യുദ്ധം നടന്നിട്ടുണ്ട്. കോഴിക്കോടിനായി മുഖ്യമന്ത്രി വാശിപിടിക്കുകയാണെന്നും രാജ്‌‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. സുരേഷ് ഗോപിക്കെതിരെയും അദ്ദേഹം രംഗത്തെത്തി. അടുത്ത കാലത്ത് ബിജെപി രാഷ്‌ട്രീയത്തിൽ വന്ന് നേതാവായവർക്ക് വിഷയം അറിയില്ല. ആലപ്പുഴയിൽ വേണമെന്ന സുരേഷ് ഗോപിയുടെ ആവശ്യത്തെ എതിർക്കുന്നു. കാസർകോട് തന്നെ എയിംസ് വരണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.

അതേസമയം, സുരേഷ് ഗോപിയുടെ പ്രസ്‌താവന തള്ളി ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം രംഗത്തെത്തി. എയിംസ് കേരളത്തിൽ എവിടെയും സ്ഥാപിക്കാമെന്നാണ് ബിജെപി നിലപാടെന്ന് അഡ്വ. പികെ ബിനോയ് വ്യക്തമാക്കി. എയിംസിനായി ആലപ്പുഴയെ പ്രത്യേകിച്ച് ചൂണ്ടിക്കാണിക്കാനില്ലെന്നും എന്തുകൊണ്ട് ആലപ്പുഴയെന്ന് വ്യക്തത വരുത്തേണ്ടത് സുരേഷ് ഗോപിയാണെന്നും ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ സെക്രട്ടറി പികെ ബിനോയ് വ്യക്തമാക്കി.

കേരളത്തിൽ എയിംസിന് തറക്കല്ലിടാതെ താൻ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കുകയോ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഇറങ്ങുകയോ ചെയ്യില്ലെന്ന് കലുങ്ക് സംവാദത്തിൽ നിരവധി തവണ കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു. എയിംസ് ആലപ്പുഴയിൽ വേണമെന്ന അഭിപ്രായമാണ് സുരേഷ് ഗോപി എല്ലായിടത്തും പറഞ്ഞത്.

സുരേഷ് ഗോപിയെ രൂക്ഷമായി വിമർശിച്ച് സിപിഎമ്മും രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി പറയുന്നതിൽ കഴമ്പില്ലെന്നും എയിംസുമായി ബന്ധപ്പെട്ട് കേരളത്തെ കേന്ദ്രം ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്നും വിഷയത്തിൽ കേന്ദ്രം ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് അറിഞ്ഞതെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ വ്യക്തമാക്കി.