കരം കോർത്ത് മൂന്നാം വട്ടം
'ഹൃദയം" സമ്മാനിച്ചാണ് വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും പ്രേക്ഷകരോട് ഇഷ്ടം കൂടാൻ എത്തിയത്. വർഷങ്ങൾ വേണ്ടി വന്നില്ല , 'വർഷങ്ങൾക്കുശേഷം" എത്താൻ. 'തിര"യ്ക്കുശേഷം 'കരം" എന്ന ആക്ഷൻ ത്രില്ലർ സിനിമ സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസൻ തിയേറ്രറിലുണ്ട്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യവും വിനീത് ശ്രീനിവാസനും ചേർന്നാണ് നിർമ്മാണം. ഇവരുടെ മൂന്നാമത്തെ ഒത്തുചേരൽ .നോബിൾ ബാബു തോമസ് തിരക്കഥ എഴുതി നായകനാവുന്ന 'കരം" ഹോളിവുഡ് സിനിമാനുഭവമായി മാറുമ്പോൾ വിനീതും വിശാഖും സംസാരിക്കുന്നു.
കരം സംവിധാനം ചെയ്യാൻ ഉണ്ടായ തീരുമാനത്തിനു പിന്നിൽ ? കഥ കേട്ട സമയം മുതൽ ബേസിക് ഐഡിയ രസകരമായി തോന്നി. അതു തന്നെയാണ് ഈ സിനിമ സംവിധാനം ചെയ്യാൻ നോബിളിനോട് ചോദിക്കാൻ തന്നെ കാരണം. കഥ കേൾക്കുകയും തുടർന്ന് ഉണ്ടായ ചർച്ചയിലുമെല്ലാം മുഴുകി. സബ്ജക്ടിന്റെ കാതൽ അത്രമാത്രം രസകരമായി തോന്നി.
ഫീൽഗുഡ് സിനിമയിൽ നിന്ന് മാറി സഞ്ചരിക്കണമെന്ന ചിന്തയും ആഗ്രഹവും എപ്പോഴാണ് ഉണ്ടാവുന്നത്? 'വർഷങ്ങൾക്കുശേഷം" ഷൂട്ട് ചെയ്യുന്നതിന് കുറച്ചു മുൻപു തന്നെ അങ്ങനെയൊരു ആലോചന ഉണ്ടായിരുന്നു. അച്ഛനെയും ലാൽ അങ്കിളിനെയും നായകന്മാരായി 'വർഷങ്ങൾക്കുശേഷം " ചെയ്യണമെന്ന ആലോചനയിലാണ് മുൻപോട്ട് പോയത്. അടുപ്പിച്ച് രണ്ടു സിനിമ, ഒരേ ജോണർ പോവുന്നതിനാൽ അടുത്തത് മാറി ചെയ്യണമെന്ന ആലോചന ഉണ്ടാകുകയും ചെയ്തു. ഇനി, ഒരു ത്രില്ലർ സിനിമ ചെയ്യാൻ ആഗ്രഹിച്ചു.
സ്വന്തം തിരക്കഥയിൽ അല്ലാതെ സിനിമ ചെയ്യുമ്പോൾ അനുഭവപ്പെടുന്ന പ്രത്യേകത എന്ത് ? ഇത് എന്റെ തിരക്കഥ അല്ലെങ്കിൽ പോലും നോബിളും ഞാനും കോളേജ് മുതൽ സുഹൃത്തുക്കളാണ്. 23 വർഷത്തെ പരിചയമുണ്ട്. അത്രമാത്രം അടുപ്പവും എന്തും അങ്ങോട്ടും ഇങ്ങോട്ടും പറയാൻ സ്വാതന്ത്ര്യവുമുണ്ട്. അതിനാൽ നോബിളിനൊപ്പം പ്രവർത്തിച്ചപ്പോൾ ഒരുതരം ബുദ്ധിമുട്ടും തോന്നിയില്ല. ആ രീതിയിൽ വളരെ ആസ്വദിച്ച് ഇതിന്റെ തിരക്കഥയുടെ എല്ലാ ഘട്ടത്തിലും ഭാഗമായി.
ലളിതമായ ടൈറ്റിൽ ആരുടെ സംഭാവനയാണ് ? വിശാഖ് : തിരക്കഥയുമായി വരുമ്പോൾ നോബിൾ നൽകിയ ടൈറ്റിൽ 'കരം" എന്നാണ്. ഹൃദയം, വർഷങ്ങൾക്കു ശേഷം എന്നീ ടൈറ്റിൽ നൽകിയത് വിനീതാണ്. വർഷങ്ങൾക്കു ശേഷം എന്നതിന് പകരം രണ്ടു മൂന്നുപേരുകൾ പറഞ്ഞിരുന്നെങ്കിലും എനിക്ക് അത്ര താത്പര്യം തോന്നിയില്ല. ഹൃദയ ത്തിന്റെ കാര്യത്തിൽ വിനീതിന്റെ മനസിൽ 'ഹൃദയം" എന്നുതന്നെ ആയിരുന്നു.
കരത്തിലൂടെ പ്രേക്ഷകർക്ക് എന്ത് പ്രതീക്ഷിക്കാം? ഗുണനിലവാരത്തിൽ വീട്ടുവീഴ്ചയില്ലാത്ത ഇന്റർനാഷണൽ ഫിലിം ചെയ്യണമെന്ന് വിനീതിന് നിർബന്ധമുണ്ടായിരുന്നു. തീർച്ചയായും അത് പ്രേക്ഷകർക്ക് നൽകാനാണ് ശ്രമിക്കുന്നത്. ഹൃദയം വർഷങ്ങൾക്കുശേഷം എന്നീ സിനിമകളിൽ നിന്ന് കിട്ടിയ ലാഭം മുഴുവൻ കരത്തിന് വേണ്ടി ചെലവഴിച്ചു. വലിയ അദ്ധ്വാനത്തിൽ നല്ല ഒരു സിനിമ.
ഏഴ് പതിറ്റാണ്ടിന് ശേഷം മെറിലാൻഡിന്റെ ബാനറിൽ ത്രില്ലർ സിനിമ വരുന്നത് ദൃശ്ചികമായി സംഭവിച്ചതാണോ? കരത്തിന്റെ ഷൂട്ട് കഴിഞ്ഞ് തിരിച്ചു വന്നപ്പോഴാണ് ഈ യാദൃശ്ചികത അറിയുന്നത്. മലയാളത്തിലെ ആദ്യ ത്രില്ലർ സിനിമ 'സി.ഐ.ഡി "നിർമ്മിച്ചത് എന്റെ മുത്തച്ഛൻ ആണെന്ന്. ഇതൊരു നിമിത്തമായാണ് കരുതുന്നത്. ഒരു തിരിച്ചുവരവ് വേണമെന്ന് കരുതി ചെയ്തതല്ല. കരിയറിൽ ഞാൻ ഇതുവരെ ചെയ്തത് എല്ലാം വ്യത്യസ്ത ജോണർ സിനിമയാണ്. നാളെ തിരിഞ്ഞുനോക്കുമ്പോൾ എല്ലാ സിനിമകളും ചെയ്തിട്ടുണ്ടാകണമെന്ന ആഗ്രഹമുണ്ട്. ഇത് ബോധപൂർവം ചെയ്യുന്നതല്ല. കഥയും പശ്ചാത്തലവും അനുസരിച്ച് സംഭവിക്കുന്നു.
പുതിയ നായികമാർ. ഇതുവരെ ഒപ്പം പ്രവർത്തിക്കാത്തവരും ചേരുന്നു ? വിനീത് : എന്റെ ആദ്യ സിനിമ 'മലർവാടി ആർട്സ് ക്ളബ്" പുതിയ ആളുകൾക്ക് ഒപ്പമായിരുന്നു. അതിൽ അഭിനയിച്ച ആളുകളും സംവിധായകനായ ഞാനും പുതുമുഖമായിരുന്നു. തട്ടത്തിൻ മറയത്ത് ചെയ്യുമ്പോൾ നിവിനും, അജുവും കഴിവ് തെളിയിക്കാൻ നിൽക്കുന്ന സമയമായിരുന്നു . നായികയായി അഭിനയിച്ച ഇഷ തൽവാർ പുതുമുഖം. ജോമോൻ ടി. ജോൺ സ്വതന്ത്ര ഛായാഗ്രാഹകനായി പ്രവർത്തിക്കുന്ന മൂന്നാമത്തെ സിനിമ . ഷാൻ റഹ്മാൻ ആണെങ്കിൽ അധികം സിനിമയൊന്നും ചെയ്തിട്ടായിരുന്നു.'തിര" ചെയ്യുന്ന സമയത്ത് ധ്യാൻ പുതുമുഖമായിരുന്നു. അതിൽ അഭിനയിച്ച നോർത്ത് നിന്നുള്ളവരെല്ലാം പുതിയ ആളുകൾ. ക്യാമറയുടെ പിന്നിലും പുതിയ ആളുകൾ ഉണ്ടായിരുന്നു. പുതിയ ആളുകൾക്കൊപ്പം കരിയറിന്റെ തുടക്കം മുതൽ ഇതുവരെ പ്രവർത്തിക്കാൻ കഴിഞ്ഞു. ഞാൻ ആദ്യമായി നിർമ്മിച്ച 'ആനന്ദം" സിനിമയിൽ മുഴുവൻ പുതുമുഖങ്ങളായിരുന്നു. പിന്നീട് നിർമ്മിച്ച ഹെലനിൽ നായികയാകുമ്പോൾ അന്ന ബെൻ അതിനുമുൻപ് ഒരു സിനിമയിൽ മാത്രമാണ് അഭിനയിച്ചത് . ഹെലനിൽ ആണ് നോബിൾ ആദ്യമായി അഭിനയിക്കുന്നത്. പുതുമുഖ സംവിധായകരുടെ ഒരുപാട് സിനിമയിൽ ഞാൻ അഭിനയിച്ചു. അതിന്റെ തുടർച്ചയായാണ് 'കരം"എന്നേ എനിക്ക് തോന്നുന്നുള്ളൂ.
കേരള ബ്ളാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ പ്രിയങ്കരനായ ഇവാൻ വുക് മാനോവിച്ച് എങ്ങനെ അഭിനേതാവായി എത്തി ? എഴുത്ത് കഴിഞ്ഞ് അന്വേഷിച്ചപ്പോഴാണ് കഥാപാത്രത്തിന് 'ആശാൻ" ഗംഭീരമായിരിക്കുമെന്ന ആശയം ഉയരുന്നത്. ഓഡിഷൻ ചെയ്യാനും അഭിനയിക്കാനും ഒരുക്കമാണോ എന്നാണ് അറിയേണ്ടിയിരുന്നത്. സന്തോഷത്തോടെ ഞങ്ങളെ സ്വീകരിച്ചു. ഓഡിഷൻ ചെയ്തപ്പോൾ 'ആശാൻ "കൃത്യമായി വന്നു.
കരം ചെയ്യുമ്പോൾ നിർമ്മാതാവ് എന്ന നിലയിൽ നേരിട്ട വെല്ലുവിളി? വിശാഖ് : തൊണ്ണൂറ്റി അഞ്ച് ശതമാനം ചിത്രീകരണവും വിദേശത്തായതിനാൽ പല വെല്ലുവിളികളും നേരിടേണ്ടി വന്നു. അവിടെ ഏറ്റവും കൂടുതൽ വേണ്ടത് കൃത്യമായ പ്രീ പ്രൊഡക്ഷനാണ്. ഇതിന് ഒരു വർഷം വേണ്ടി വന്നു . ജോർജിയ, അസർബെയ്ജാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നാല് തവണ ആവശ്യങ്ങൾക്കായി പോകേണ്ടി വന്നു. അതിനുശേഷം അവിടുത്തെ നിർമ്മാണ കമ്പനിയുടെ ഭാഗമായി ചേർന്നു . നമ്മൾ ഒരു പേപ്പർ ഒപ്പിട്ട് നൽകിയാൽ ക്യാമറപോലും മറ്റൊരു ആംഗിളിൽ ഷൂട്ട് ചെയ്യാൻ പറ്റില്ല. ഇതായിരുന്നു വലിയ വെല്ലുവിളി. മറ്റൊരു പ്രശ്നം എല്ലാവർക്കും വിസ കിട്ടുക എന്നതായിരുന്നു. ഓരോരുത്തരും അപേക്ഷിക്കുമ്പോൾ അവരുടെ പശ്ചാത്തലം മുഴുവൻ പശോധിച്ചാണ് വിസ നൽകുന്നത്. ലൊക്കേഷൻ കണ്ടെത്താനും ആളുകളെ കണ്ടു പിടിക്കാനും ഉൾപ്പെടെ പലതരം വലിയ വെല്ലുവിളികൾ എനിക്കും വിനീതിനും ആദ്യമായി നേരിടേണ്ടി വന്നു. മാർച്ച് 17മുതൽ ജൂൺ 3 വരെ ആയിരുന്നു ഷൂട്ട്. ഇടയ്ക്ക് ബ്രേക്ക് എടുത്തു . കേരളത്തിൽ ആകെ അര ദിവസം മാത്രമായിരുന്നു ഷൂട്ട് .
വർഷത്തിൽ ഒരു സിനിമ എന്നണോ തീരുമാനം? സിനിമ തുടങ്ങുമ്പോൾ പൂർണമായും അതിന്റെ ഭാഗമാകുന്നു. നിർമ്മാതാവ് എന്ന നിലയിൽ മാറി നിൽക്കാറില്ല. തിയേറ്ററിൽ സിനിമ എത്തുന്നതുവരെ എല്ലാ കാര്യത്തിലും ഒപ്പം ഉണ്ടാകാറുണ്ട്. പിന്നെ കൂടുതൽ സിനിമ ചെയ്യുന്നതിനേക്കാൾ താല്പര്യം നിലവാരം പുലർത്തുന്നതോ അല്ലെങ്കിൽ തിയേറ്ററിൽ ഓടുന്നതോ ആയിരിക്കണം എന്നാണ് ആഗ്രഹം.