അനധികൃത വഴിയോരക്കച്ചവടം: മാലിന്യ ദുർഗന്ധത്താൽ വലഞ്ഞ് സ്കൂൾ കുട്ടികൾ

Saturday 27 September 2025 1:06 AM IST
വഴിയോര കച്ചവടക്കാർ റോഡ് കയ്യേറി തകൃതിയായി കച്ചവടം നടത്തുന്നു.

പെരുമ്പാവൂർ: എ.എം റോഡിൽ കുറുപ്പംപടി എം.ജി.എം ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ അനധികൃത വഴിയോരക്കച്ചവടം സ്കൂൾ കുട്ടികൾക്കും നാട്ടുകാർക്കും ഏറെ ബുദ്ധിമുട്ടാകുന്നു. മത്സ്യം, പഴങ്ങൾ, പച്ചക്കറി, കപ്പ, ചീര തുടങ്ങിവ വില്ക്കുന്ന നിരവധി വഴിയോര കച്ചവടക്കാരാണ് റോഡരികും ഫുട്പാത്തും കൈയേറിയിരിക്കുന്നത്. കച്ചവടം കഴിഞ്ഞ് ബാക്കിയാകുന്ന മത്സ്യവും മറ്റ് അവശിഷ്ടങ്ങളും റോഡരികിൽ തന്നെ ഉപേക്ഷിക്കുന്നത് രൂക്ഷമായ പരിസര മലിനീകരണത്തിനും കാരണമാകുന്നു. ഇവ ജീർണിച്ച് ദുർഗന്ധം വമിക്കുന്നതിനാൽ കുട്ടികൾ മൂക്കുപൊത്തിയാണ് സ്കൂളിലേക്ക് പോകുന്നത്. കുട്ടികൾക്ക് മാത്രമല്ല, സ്ത്രീകൾ അടക്കമുള്ള വഴിയാത്രക്കാർക്കും വാഹന യാത്രക്കാർക്കും അനധികൃത വഴിയോര കച്ചവടും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഫുട്പാത്തിലൂടെ നടക്കുവാൻ കഴിയാത്ത വിധമാണ് ഇവർ സാധനങ്ങൾ നിരത്തി വച്ചിരിക്കുന്നത്. അതുകൊണ്ട് കുട്ടികളടക്കമുള്ള യാത്രക്കാർ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്. ഇത് വലിയ അപകടങ്ങൾക്ക് കാരണമായേക്കും. വാഹനങ്ങൾ റോഡിൽ നിറുത്തി ആളുകൾ സാധനങ്ങൾ വാങ്ങുന്നതിനാൽ ഗതാഗതക്കുരുക്കും പതിവാണ്. കച്ചവടക്കാരെ കാണുമ്പോൾ വാഹനങ്ങൾ പെട്ടെന്ന് നിറുത്തുന്നതിനാൽ ചെറിയ അപകടങ്ങൾ ഉണ്ടാകുന്നതും സാധാരണമാണ്. കുറുപ്പംപടി മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളും സ്കൂൾ മാനേജ്മെന്റും അധികാരികൾക്ക് നിരവധി തവണ പാരാതി നൽകിയിട്ടും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല.

രായമംഗലം പഞ്ചായത്ത് സെക്രട്ടറി, കുറുപ്പംപടി പൊലീസ് സ്റ്റേഷൻ, മോട്ടോർ വെഹിക്കിൾ ‌ഡിപ്പാർട്ട്മെന്റ് തുടങ്ങിയവർക്ക് നിരവധി തവണ പാരാതി നൽകി. എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. അതിനാൽ ശക്തമായി പ്രതിഷേധിക്കാനാണ് തീരുമാനം.

ബേബി കിളിയായത്ത്

സെക്രട്ടറി

മർച്ചന്റ്സ് അസോസിയേഷൻ

കുറുപ്പംപടി