സഹകരണ മേഖലയിൽ സിപിഎം നടത്തിയത് 5000 കോടിയുടെ തീവെട്ടിക്കൊള്ളയെന്ന് ബിജെപി, പ്രതിസന്ധി വന്നാൽ തിരിഞ്ഞുനോക്കാനാളില്ല

Friday 26 September 2025 6:32 PM IST

തിരുവനന്തപുരം: സഹകരണ മേഖലയിൽ സിപിഎം നടത്തിയത് 5,000 കോടിയുടെ തീവെട്ടിക്കൊള്ളയാണെന്നും ഇതുസംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കാൻ സർക്കാർ തയ്യാറാകണമെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. പിണറായി സർക്കാർ പത്തുവർഷം കൊണ്ട് സഹകരണമേഖലയുടെ ശവക്കല്ലറ പണിതെന്നും പി.കെ.കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളിൽ പ്രാഥമിക സഹകരണസംഘങ്ങൾക്ക് ആശ്രയമായിരുന്ന ജില്ലാ സഹകരണ ബാങ്കുകളെ കേരളബാങ്കിൽ ലയിപ്പിച്ചതോടെ പ്രാഥമിക സഹകരണ ബാങ്കുകൾ അനാഥമായി. ഇതോടെ സഹകരണ ബാങ്കുകൾക്ക് പ്രതിസന്ധി ഉണ്ടായാൽ തിരിഞ്ഞുനോക്കാനാളില്ലാത്ത അവസ്ഥയായി. സിപിഎം സഹകരണ ബാങ്കുകളെ പാർട്ടി വളർത്താനുള്ള ഉപകരണമാക്കിമാറ്റി. പാവപ്പെട്ടവന്റെ നിക്ഷേപം ഇടതു നേതാക്കളുടെ വ്യക്തിപരമായിട്ടുള്ള ഉപയോഗത്തിനും പാർട്ടിയുടെ പ്രവർത്തനത്തിനും വേണ്ടി വകമാറ്റി. കരുവന്നൂരിലുൾപ്പെടെ സിപിഎം സഹകരണബാങ്കുകളെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ സഹകരണബാങ്ക് തട്ടിപ്പാണ് സിപിഎം നടത്തിയത്.

ബിജെപി നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പത്തുവർഷത്തിനുള്ളിൽ 5000 കോടിയുടെ സഹകരണ കുംഭകോണമാണ് സിപിഎം നടത്തിയത്. കരുവന്നൂരിൽ മാത്രം 328 കോടിയലധികം തുകയാണ് കവർന്നെടുത്തത്. ഇതിലൂടെ പാവപ്പെട്ടവന്റെ സമ്പാദ്യവും നിരവധിപേരുടെ ജീവിതവും നഷ്ടപ്പെട്ടു. നിരവധി നിക്ഷേപകർക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു. സിപിഎമ്മിന്റെ അഴിമതിയിലൂടെ സഹകരണ ബാങ്കുകളിൽ വിശ്വാസം നഷ്ടമായ സാധാരണക്കാർ വ്യാപകമായി നിക്ഷേപം പിൻവലിക്കാൻ തുടങ്ങിയതും സഹകരണ ബാങ്കുകളെ ഗുരുതര പ്രതിസന്ധിയിലാക്കി.

സഹകരണമേഖലയെ പാടേ തകർത്തതോടെ കേരളത്തിന്റെ സമ്പദ്വ്യവസ്ഥ തകർച്ചയുടെ നെല്ലിപ്പലക കണ്ടിരിക്കുന്നു. ഇതാണ് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെടാനുള്ള ഏറ്റവും വലിയ ഭരണനേട്ടം. സഹകരണമേഖലയിലെ സുതാര്യത ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച പദ്ധതികളോട് പിണറായി സർക്കാർ മുഖംതിരിക്കുന്ന നയം സ്വീകരിച്ചത് സിപിഎമ്മിന്റെ തട്ടിപ്പുകൾ തുടരാനാണെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു. എയിംസ് വിഷയത്തിൽ ബിജെപിക്ക് ഒറ്റനിലപാടുമാത്രമേ ഉള്ളു. അത് കേരളത്തിൽ എയിംസ് വേണമെന്നതുമാത്രമാണ്. എവിടെയാണ് വേണ്ടത് എന്ന കാര്യത്തിൽ കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ സോമൻ, സംസ്ഥാന സോഷ്യൽ മീഡിയ കൺവീനർ അഭിജിത് ആർ നായർ എന്നിവർ വർത്താ സമ്മേളനത്തിൽ പങ്കെടുത്തു.