അശ്ലീലമായ ഉള്ളടക്കം വീഡിയോയിൽ ഇല്ലല്ലോ, കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമെന്ത് ? പൊലീസിനെതിരെ കോടതി
കൊച്ചി: സി.പി.എം നേതാവ് കെ.ജെ. ഷൈനിന് എതിരായ സൈബർ ആക്രമണക്കേസിൽ അറസ്റ്റിലായ കെ.എം. ഷാജഹാന് കോടതി ജാമ്യം അനുവദിച്ചു. 25000 രൂപയുടെ ബോണ്ട് അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിിലിറങ്ങിയ ശേഷം തെളിവുകൾ നശിപ്പിക്കരുതെന്നും സമാനമായ കുറ്റകൃത്യം ആവർത്തിക്കരുതെന്നും ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കി. പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്. ഷാജഹാനെതിരെ കേസടുത്ത് മൂന്നുമണിക്കൂറിൽ അറസ്റ്റ് ഉണ്ടായെന്നും അറസ്റ്റ് ചെയ്യാൻ ആരാണ് ചെങ്ങമനാട് സി.ഐയ്ക്ക് അധികാരം നൽകിയതെന്നും കോടതി ചോദിച്ചു.
റിമാൻഡ് റിപ്പോർട്ടിൽ ലൈംഗികച്ചുവയുള്ള ഏതെങ്കിലും വാക്ക് ഉണ്ടോയെന്ന് കോടതി ചോദിച്ചു. കേസിന് ആസ്പദമായ വീഡിയോയിൽ അശ്ലീലമായ ഉള്ളടക്കം ഉണ്ടോയെന്നും കോടതി ആരാഞ്ഞു. വീഡിയോയിൽ കെ.ജെ. ഷൈനിനോടുള്ള ചോദ്യങ്ങളല്ലേ ഉള്ളതെന്നും കോടതി പറഞ്ഞു. അതേസമയം ഷാജഹാൻ കുറ്റങ്ങൾ ആവർത്തിക്കുകയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കൂടുതൽ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും ആവശ്യം തള്ളി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
സി.പി.എം നേതാവ് കെ.ജെ. ഷൈനിനും വൈപ്പിൻ എം.എൽ.എയ്ക്കുമെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട കേസിലാണ് യു ട്യൂൂബ് ചാനൽ ഉടമ കെ.എം.ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി തിരുവനന്തപുരം ആക്കുളത്തെ വീട്ടിൽ നിന്ന് ഷാജഹാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.