തട്ടുകടകൾ ഇനി വേറെ ലെവൽ,​ ആധുനിക ഫുഡ് സ്ട്രീറ്റ് എറണാകുളത്ത് പ്രവർത്തനം ആരംഭിക്കുന്നു

Friday 26 September 2025 9:33 PM IST

തിരുവനന്തപുരം: മോഡണൈസേഷൻ ഒഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് തിരുവനന്തപുരം ശംഖുമുഖം, എറണാകുളം കസ്തൂർബാ നഗർ, കോഴിക്കോട് ബീച്ച്, മലപ്പുറം കോട്ടക്കുന്ന് എന്നീ സ്ഥലങ്ങളിൽ ഫുഡ് സ്ട്രീറ്റുകൾ സജ്ജമായി. എറണാകുളത്തെ ഫുഡ് സ്ട്രീറ്റിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 6.30 ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൊച്ചി മേയർ എം. അനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തും.

വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തിൽ നല്ല ഭക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആധുനിക ഫുഡ് സ്ട്രീറ്റുകൾ യാഥാർത്ഥ്യമാക്കിയതെന്ന് മന്ത്രി പറഞ്ഞു. ഒരു കോടി വീതം രൂപ ചെലവഴിച്ച് ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ആധുനിക ഫുഡ് സ്ട്രീറ്റുകൾ നിർമ്മിച്ചിട്ടുള്ളത്. എറണാകുളത്തെ ഫുഡ് സ്ട്രീറ്റിന് വകുപ്പിന്റെ ഒരു കോടിക്ക് പുറമെ ജി.സി.ഡി.എ.യുടെ വിഹിതമായി 30 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ തനത് ഭക്ഷണങ്ങൾ ലഭ്യമാക്കുന്ന ഫുഡ് ഡെസ്റ്റിനേഷനുകൾ പ്രോത്സാഹിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണ്.

കേരളത്തിലെ തെരുവോര കച്ചവടത്തിന്റെ പ്രതിച്ഛായ തന്നെ മാറ്റുകയും ഇതൊരു പുതിയ ടൂറിസം ആകർഷണമാക്കി മാറ്റുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രത്യേകത. പ്രാദേശിക തൊഴിൽ സാദ്ധ്യതകൾ വർദ്ധിപ്പിക്കുക, സംരംഭകർക്കും പൊതുജനങ്ങൾക്കുമിടയിൽ സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കുക, അതിലൂടെ ഭക്ഷ്യജന്യ രോഗങ്ങൾ കുറയ്ക്കുക, ആരോഗ്യം മെച്ചപ്പെടുത്തുക എന്നതും ലക്ഷ്യമിടുന്നു.

കേരളത്തിലെ 4 ഫുഡ് സ്ട്രീറ്റുകളിൽ ആദ്യം പൂർത്തിയായത് എറണാകുളം കസ്തൂർബ നഗറിലെ ഫുഡ് സ്ട്രീറ്റാണ്. കൊച്ചി കോർപ്പറേഷന്റെയും ജി.സി.ഡി.എ.യുടെയും നിയന്ത്രണത്തിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മേൽനോട്ടത്തിലുമായിരിക്കും ഫുഡ് സ്ട്രീറ്റ് പ്രവർത്തിക്കുക.