കലിതുള്ളി പെരുമഴ; തലസ്ഥാനം വെള്ളത്തിൽ മുങ്ങി

Saturday 27 September 2025 12:10 AM IST

തിരുവനന്തപുരം: തലസ്ഥാനം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ പെയ്ത ശക്തമായ മഴയിൽ

ജനങ്ങൾ വലഞ്ഞു. തിരുവനന്തപുരം ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വ്യാപകമായി കൃഷിനാശം സംഭവിച്ചു. ഇടുക്കിയിൽ ഒരേക്കർ കൃഷിസ്ഥലം ഒലിച്ചുപോയി. പത്തനംതിട്ടയിലും നാശനഷ്ടങ്ങളുണ്ടായി.

വേളി പൊഴി മുറിക്കാൻ വൈകിയതിനെ തുടർന്ന് തലസ്ഥാന നഗരം വെള്ളത്തിൽ മുങ്ങി. റെയിൽവേ ട്രാക്കിലും താഴ്ന്നയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു.നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു.

ഈ സീസണിലെ ഏറ്റവും ശക്തമായ മഴയാണ് തിരുവനന്തപുരത്ത് വ്യാഴാഴ്ച രാത്രിയും ഇന്നലെ രാവിലെയുമായി ലഭിച്ചത്. 120 മുതൽ 170 മില്ലിമീറ്റർ വരെ മഴ കിട്ടിയെന്നാണ് കണക്ക്. നെയ്യാറ്റിൻകരയിലണ് ഏറ്റവും കൂടുതൽ പെയ്തത്. 168.8 മില്ലി മീറ്ററാണ് ഇവിടെ രേഖപ്പെടുത്തിയത്.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ റൺവേ കാണാനാകാതെ കുവൈറ്റ് എയർവേയ്സിന്റെ വിമാനം ഒരു മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്നു.

ഇന്നുമുതൽ തെക്കൻ ജില്ലകളിൽ മഴ കുറയും. വടക്കൻ ജില്ലകളിൽ കൂടും. ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത ന്യൂനമർദ്ദം ആന്ധ്ര തീരത്തേക്ക് നീങ്ങിയതിന്റെ ഫലമായാണ് ഇന്നലെ കനത്ത മഴയുണ്ടായത്. ഈ സ്ഥിതി രണ്ടുദിവസം കൂടി തുടർന്നേക്കും.

അവധി പ്രഖ്യാപനം വൈകി

കുട്ടികൾ സ്കൂളിലെത്തി

തിരുവനന്തപുരത്ത് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചെങ്കിലും വൈകിയത് വിവാദമായി. മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചതിനു ശേഷമാണ് ഇന്നലെ രാവിലെ ആറരയോടെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അപ്പോഴേക്കും പല കുട്ടികളും സ്കൂളുകളിലേക്ക് പുറപ്പെട്ടു കഴിഞ്ഞിരുന്നു. വ്യാഴാഴ്ച രാത്രി മുഴുവൻ കനത്ത മഴ പെയ്ത് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. എന്നാൽ​ യെല്ലോ അലർട്ടേ നിലവിലുള്ളൂ എന്ന ന്യായം പറഞ്ഞാണ് കളക്ടർ അനുകുമാരി സ്കൂളുകൾക്ക് നേരത്തേ അവധി പ്രഖ്യാപിക്കാത്തത്.

ഇന്ന് ഓറഞ്ച്, മഞ്ഞ

അലർട്ടുകൾ

തിങ്കളാഴ്ചവരെ സംസ്ഥാനത്ത് മഴ സാധ്യത നിലനിൽക്കുന്നുണ്ട്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് . എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.