തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യ; ശ്രീലങ്കയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം

Friday 26 September 2025 10:13 PM IST

ദുബായ്: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ കൂറ്റന്‍ സ്‌കോറുമായി ഇന്ത്യ. ശ്രീലങ്കയ്‌ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടി. തകര്‍പ്പന്‍ ബാറ്റിംഗ് ഫോം തുടരുന്ന അഭിഷേക് ശര്‍മ്മയുടെ അര്‍ദ്ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോറിനുള്ള അടിത്തറയിട്ടത്. തിലക് വര്‍മ്മ, മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.

ഓപ്പണര്‍ അഭിഷേക് ശര്‍മ്മ 31 പന്തുകളില്‍ നിന്ന് 61 റണ്‍സ് നേടി. എട്ട് ബൗണ്ടറികളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. മറ്റൊരു ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 4(3), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യയാദവ് 12(13) എന്നിവര്‍ പെട്ടെന്ന് പുറത്തായി. വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ 39(23) റണ്‍സ് നേടി പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ 2(3) റണ്‍സ് നേടി മടങ്ങിയപ്പോള്‍ തിലക് വര്‍മ്മ 49*(34), അകസര്‍ പട്ടേല്‍ 21(15) എന്നിവര്‍ പുറത്താകാതെ നിന്നു.

ശ്രീലങ്കയ്ക്ക് വേണ്ടി മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, വാണിന്ജു ഹസരംഗ, ദസൂണ്‍ ഷണക, ചാരിത് അസലംഗ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യയും പാകിസ്ഥാനും നേരത്തെ തന്നെ ഫൈനല്‍ ഉറപ്പിച്ചതിനാല്‍ മത്സരത്തിന്റെ ഫലം പ്രസക്തമല്ല.