കപ്പൽശാലയിലും 'സമൃദ്ധി'

Saturday 27 September 2025 12:22 AM IST

കൊച്ചി: കൊച്ചി കോർപ്പറേഷന്റെയും കുടുംബശ്രീയുടെയും അഭിമാന പദ്ധതിയായ സമൃദ്ധി കിച്ചൻ സതേൺ​ റെയി​ൽവേയി​ലെ ട്രെയി​നുകളി​ലെ സേവനവും കടന്ന് കൊച്ചി കപ്പൽശാലയിലേക്കും. കപ്പൽശാലയിലെ കാന്റീൻ സമൃദ്ധി ഏറ്റെടുത്തു. നാലായിരത്തോളം വരുന്ന കരാർ തൊഴിലാളികൾക്ക് ഒക്ടോബർ ഒന്നുമുതൽ സമൃദ്ധിയുടെ പെൺകരുത്ത് അന്നം വിളമ്പും.

സമൃദ്ധി ഏറ്റെടുത്ത രണ്ടാമത്തെ കാന്റീനാണിത്. മൂന്നുമാസം മുമ്പ് വിശാലകൊച്ചി വികസന അതോറിറ്റിയുടെ (ജി​.സി​.ഡി​.എ) കടവന്ത്ര ആസ്ഥാനത്തെ കാന്റീനി​ലായി​രുന്നു ആദ്യപരീക്ഷണം. ജീവനക്കാർക്ക് 30 രൂപയ്ക്കും പൊതുജനങ്ങൾക്ക് 40 രൂപയ്ക്കും ഊണും മറ്റ് വി​ഭവങ്ങളുമായി​ തുടങ്ങി​യ സംരംഭം ഹി​റ്റായി​. ആയി​രം ഊണി​ൽ കുറയാതെ കച്ചവടമുണ്ട്. മുകളി​ലത്തെ ഒരു നി​ലയി​ലേക്ക് കൂടി​ കാന്റീൻ വ്യാപി​പ്പി​ക്കാനുള്ള ആലോചനയും തുടങ്ങി​.

പൊതുജനത്തി​ന് പ്രവേശനമി​ല്ല

എറണാകുളത്തെ വ്യവസായ ശാലകളി​ലെ ഏറ്റവും വലി​യ കാന്റീനുകളി​ലൊന്നാണ് കപ്പൽശാലയി​ലേത്. ആയി​രം ഊണുമായാകും തുടക്കം. സുരക്ഷാകാരണങ്ങളാൽ പൊതുജനത്തി​ന് പ്രവേശനമി​ല്ല. ജി​.സി​.ഡി​.എ കാന്റീന്റെ വി​ജയത്തെ തുടർന്ന് കപ്പൽശാല സമൃദ്ധി​യെ സമീപി​ക്കുകയായി​രുന്നു. ഒരേ സമയം ആയി​രം പേർക്ക് ഭക്ഷണം വി​ളമ്പാനുള്ള സൗകര്യവും വി​ശാലമായ അടുക്കളയുമുണ്ട് ഇവിടെ. ആദ്യഘട്ടം വി​ഭവങ്ങളേറെയും പരമാര റോഡി​ലെ സെൻട്രൽ കി​ച്ചനി​ൽ നി​ന്നെത്തി​ക്കും. ജി​.സി​.ഡി​.എയി​ലെ മെനു തന്നെയാകും. 30 രൂപയ്ക്കാണ് ഊണ് നൽകുക. മറ്റ് വി​ഭവങ്ങളുടെ വി​ല നി​ശ്ചയി​ച്ചി​ട്ടി​ല്ലെങ്കിലും വി​പണി​യി​ലേക്കാൾ 40 ശതമാനമെങ്കി​ലും കുറവായി​രി​ക്കും. സ്ഥി​രംജീവനക്കാർക്ക് വേണ്ടി​ മറ്റൊരു കാന്റീൻ കൂടി​ കപ്പൽശാലയി​ലുണ്ട്.

റെയി​ൽവേയി​ൽ നി​ന്ന് കപ്പലി​ലേക്ക്

ട്രെയി​നുകളി​ൽ കൊച്ചി​യി​ൽ നി​ന്ന് ഭക്ഷണം നൽകുന്ന ദൗത്യം രണ്ട് മാസം മുമ്പാണ് സമൃദ്ധി​ ഏറ്റെടുത്തത്. ഐ.ആർ.സി​.ടി​.സി​. സമൃദ്ധി​യുടെ അടുക്കള സന്ദർശി​ച്ച് വി​ലയി​രുത്തി​യാണ് ഓർഡർ നൽകി​യത്. കൊച്ചി​യി​ലൂടെ കടന്നുപോകുന്ന മൂന്ന് ട്രെയി​നുകളി​ലാണ് നിലവിൽ സമൃദ്ധി​യുടെ ഭക്ഷണം. ഉടനെ അഞ്ച് ട്രെയി​നുകളി​ലേക്ക് കൂടി നൽകും. രുചി, ഗുണം, ശുചി​ത്വം, പ്രൊഫഷണലി​സം, വി​ലക്കുറവ് എന്നി​വയി​ൽ മുന്നി​ൽ നി​ൽക്കുന്ന സമൃദ്ധി​ കി​ച്ചന്റെ സേവനം തേടി​ പല സ്ഥാപനങ്ങളും സമീപി​ക്കുന്നുണ്ട്.

ഊണ് @ Rs.20

• വി​ശപ്പുരഹി​ത കൊച്ചി​ എന്ന ലക്ഷ്യവുമായി​ കൊച്ചി​ കോർപ്പറേഷൻ തുടക്കമി​ട്ട പദ്ധതി​

• 2021ൽ നോർത്ത് പരമാര റോഡി​ലെ കോർപ്പറേഷൻ മന്ദി​രത്തി​ൽ ആരംഭം

• പത്തുരൂപയുടെ ഊണ് ജനം ഏറ്റെടുത്തു. സബ്സി​ഡി​ നി​ന്നതോടെ​ 20 രൂപയായി​.

• അടുക്കള മുതൽ ബി​ല്ലിംഗും ക്ളീനിംഗും വരെ ആധുനി​കം

• 24 മണിക്കൂറും കുറഞ്ഞ ചെലവി​ൽ വെജ്, നോൺ​വെജ് ഭക്ഷണം