മുഖ്യമന്ത്രിയുടെ ചടങ്ങിൽ ഭാരതാംബ ചിത്രം ഒഴിവാക്കിയേക്കും

Saturday 27 September 2025 12:30 AM IST

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തെച്ചൊല്ലിയുള്ള ഏറ്റുമുട്ടലിനു ശേഷം ആദ്യമായി ഔദ്യോഗിക പരിപാടിക്ക് മുഖ്യമന്ത്രി ഞായറാഴ്ച രാജ്ഭവനിലെത്തുമ്പോൾ, വേദിയിൽ ഭാരതാംബ ചിത്രം ഒഴിവാക്കിയേക്കും.

ഗവർണറുടെയും രാജ്ഭവന്റെയും വിശേഷങ്ങളും പരിപാടികളുമടങ്ങിയ 'രാജഹംസ് ' ജേർണൽ പ്രസിദ്ധീകരണമാണ് ചടങ്ങ്. മുഖ്യമന്ത്രി ജേർണൽ ശശി തരൂർ എം.പിക്ക് നൽകിയാണ് പ്രകാശനം ചെയ്യുന്നത്. നിലവിൽ രാജ്ഭവനിലെ ചടങ്ങുകളിലെല്ലാം ചിത്രമുപയോഗിക്കുന്നുണ്ട്. എന്നാൽ ,ഭാരതാംബ ചിത്രം വച്ചാൽ മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുത്തേക്കില്ല. അതിനാൽ ചിത്രം ഒഴിവാക്കാനാണ് രാജ്ഭവന്റെ ആലോചന. ഇക്കാര്യത്തിൽ ഗവർണർ നിലപാട് അറിയിച്ചിട്ടില്ല. ഭാരതാംബ ചിത്രം ഔദ്യോഗിക ചടങ്ങുകളിൽ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി നേരത്തേ ഗവർണർക്ക് കത്ത് നൽകിയിരുന്നു. ചടങ്ങുകളിലെ ഭാരതാംബ ചിത്രം കണ്ട് മന്ത്രിമാരായ പി.പ്രസാദ് പരിപാടി റദ്ദാക്കുകയും, വി.ശിവൻകുട്ടി ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.