പെരുനാട് മടത്തുംമൂഴിയിൽ വാനരശല്യം രൂക്ഷം; ബേക്കറി ഉൽപ്പന്നങ്ങൾ തട്ടിയെടുത്തു

Saturday 27 September 2025 12:33 AM IST
മടത്തുംമൂഴിയിൽ സനാതനൻ എന്ന വ്യക്തിയുടെ പലചരക്ക്-ബേക്കറി സ്ഥാപനത്തിൽ നിന്നും വാനര സംഘം ബേക്കറി ഉൽപ്പന്നങ്ങളും പലഹാരങ്ങളും തട്ടിയെടുത്ത് കഴിക്കുന്നു

പെരുനാട്: മടത്തുംമൂഴിയിൽ വാനരശല്യം അതിരൂക്ഷമാകുന്നു. വ്യാപാര സ്ഥാപനങ്ങളിൽ അതിക്രമിച്ചു കയറി പാക്കറ്റ് ബേക്കറി ഉൽപ്പന്നങ്ങളും പലഹാരങ്ങളും തട്ടിയെടുക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം രാവിലെ മടത്തുംമൂഴിയിൽ സനാതനൻ എന്ന വ്യക്തിയുടെ പലചരക്ക്-ബേക്കറി സ്ഥാപനത്തിൽ നിന്നും പത്തോളം വരുന്ന വാനര സംഘം ബേക്കറി ഉൽപ്പന്നങ്ങളും പലഹാരങ്ങളും തട്ടിയെടുത്തത്. മാസങ്ങളോളമായി മടത്തുംമൂഴി വലിയ പാലത്തിന് സമീപത്തായി വാനരശല്യം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മുമ്പ് വീടുകളിലും കൃഷിയിടങ്ങളിലുമായിരുന്നു പ്രധാനമായും ശല്യം. എന്നാൽ, ഇപ്പോൾ ടൗണിൽ ഇറങ്ങി വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യമിടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുകയാണ്. കടകളിൽ സാധനങ്ങൾ എടുക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ പറയുന്നു. വാനരശല്യം കാരണം ഉപജീവനമാർഗം വഴിമുട്ടുമോ എന്ന ഭയത്തിലാണ് വ്യാപാരികൾ. ടൗണിൽ ഇറങ്ങി ഭീഷണി ഉയർത്തുന്ന വാനര സംഘത്തെ എത്രയും പെട്ടെന്ന് പ്രദേശത്തുനിന്നും തുരത്തുന്നതിനുള്ള അടിയന്തര നടപടി വനംവകുപ്പ് സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.