ഒരുലക്ഷം യുവാക്കൾക്ക് സൗജന്യ സൈബർ സെക്യൂരിറ്റി പരിശീലനം

Saturday 27 September 2025 1:39 AM IST

കൊച്ചി: കേരള നോളെജ് ഇക്കോണമി മിഷന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി സൈബർ സെക്യൂരിറ്റിയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ഒരുലക്ഷം യുവാക്കൾക്കായി അഞ്ചുദിവസത്തെ സൗജന്യ ഓൺലൈൻ മെഗാ കരിയർ ഓറിയൻറ്റേഷൻ പരിപാടി സംഘടിപ്പിക്കുന്നു. പതിനെട്ടിനും 20നുമിടയിൽ പ്രായമുള്ള പ്ലസ് ടു പാസായവർക്ക് ഓൺലൈൻ വെബിനാറിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടർപഠനത്തിന് നാലുകോടി രൂപയുടെ സ്‌കോളർഷിപ്പുകളും നൽകും.

കേരള നോളെജ് ഇക്കോണമി മിഷന്റെ അംഗീകൃത പങ്കാളിയായ കൊച്ചിയിലെ ടെക്‌നോവാലി സോഫ്‌റ്റ്‌വെയർ ലിമിറ്റഡാണ് പരിശീലനം നൽകുന്നത്. ഒക്ടോബർ അവസാനം അഞ്ചുദിവസം വൈകിട്ട് ആറു മുതൽ ഏഴു വരെ ഓൺലൈനിലാണ് പരിശീലനം നൽകുന്നത്. പങ്കെടുക്കുന്നവർക്ക് തുടർസഹായങ്ങൾ നൽകാൻ ഹെൽപ്പ് ഡെസ്‌കും പ്രവർത്തിക്കുമെന്ന് ടെക്നോവാലി മാനേജിംഗ് ഡയറക്‌ടർ എസ്. രാജേഷ്‌കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സൈബർ സെക്യൂരിറ്റി, എ.ഐ എന്നിവയിൽ ലോകത്താകെ സംഭവിക്കുന്ന മാറ്റങ്ങളും വർദ്ധിച്ചുവരുന്ന തൊഴിലവസരങ്ങളും സാദ്ധ്യതകളും അംഗീകൃത പഠനകേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വെബിനാറിലൂടെ ലഭിക്കും.വിജ്ഞാന തൊഴിൽ മേഖലയിലേക്ക് തൊഴിലന്വേഷകരെ എത്തിക്കുന്നതിന് നൈപുണ്യപരിശീലനം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം.പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈമാസം 30നകം രജിസ്റ്റർ ചെയ്യണം. കേരള നോളെജ് ഇക്കോണമി മിഷന്റെയും ടെക്‌നോവാലിയുടെയും സോഷ്യൽ മീഡിയ പേജുകൾ വഴി രജിസ്റ്റർ ചെയ്യാം.