കേരള ബാങ്ക് ഐ.ടി കോൺക്ലേവ് ഇന്ന്
* മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കൊച്ചി: കേരള ബാങ്കിന്റെ ഐ.ടി കോൺക്ലേവ് ഇന്ന് രാവിലെ 10.30ന് കൊച്ചി മാരിയറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സഹകരണ ബാങ്കിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഏകീകരണം യാഥാർത്ഥ്യമാക്കിയ 14 ബാങ്കുകളുടെ ഐ.ടി ഏകീകരണം അടിസ്ഥാനമാക്കി തയ്യാറാക്കിയ കേസ് ഡയറി മുഖ്യമന്ത്രി പ്രകാശിപ്പിക്കും.
സഹകരണമന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷനാകും. നബാർഡ് ചെയർമാൻ കെ.വി. ഷാജി, വ്യവസായ മന്ത്രി പി. രാജീവ്, മേയർ എം. അനിൽകുമാർ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സി.ഇ.ഒ ജോർട്ടി എം. ചാക്കോ എന്നിവർ സന്നിഹിതരാകും, അനൂപ് അംബിക (സി.ഇ.ഒ സ്റ്റാർട്ട്അപ്പ് മിഷൻ), ഡോ. കെ.എസ്. സനിൽ (സി.ഇ.ഒ -കെ.എസ്.എഫ്.ഇ) എന്നിവരും പങ്കെടുക്കും. 2019 നവംബർ 29ന് രൂപീകരിച്ച കേരള ബാങ്ക് രണ്ടുവർഷത്തിനിടെയാണ് ഐ.ടി ഏകീകരണം പൂർത്തിയാക്കിയത്.
വാർത്താസമ്മേളനത്തിൽ ഗോപി കോട്ടമുറിക്കൽ, ജോർട്ടി എം. ചാക്കോ, ബാങ്കിന്റെ സ്റ്രിയറിംഗ് കമ്മിറ്രി ചെയർമാൻ മാണി വിതയത്തിൽ, ചീഫ് ജനറൽ മാനേജർ ഡോ. എ.ആർ. രാജേഷ്, ജനറൽ മാനേജർ ഐ.ടി ഇൻചാർജ് ഡോ. മായ മുരളി, സി.ബി.എസ് മേധാവി അബ്ദുൾ സിദ്ധിക് തുടങ്ങിയവർ പങ്കെടുത്തു.
ഇന്നവേഷൻ ഹബിന് ധാരണാപത്രം
കൊച്ചിയിലെ കേരള ബാങ്ക് ആസ്ഥാനത്ത് സ്റ്റാർട്ട്അപ്പ് ഇന്നോവേഷൻ ഹബ് സ്ഥാപിക്കാനുള്ള ധാരണാപത്രം പി. രാജീവ് കോൺക്ളേവിൽ പ്രകാശിപ്പിക്കും. കേരള ബാങ്ക് തയ്യാറാക്കിയ മണി പഴ്‌സ് മൊബൈൽ ആപ്പ്, ഇ.കെ.വൈ.സി ഉപയോഗിച്ചുള്ള അക്കൗണ്ട് ഓപ്പണിംഗ്, മൈക്രോ എ.ടി.എം മെഷീനുകൾ എന്നിവയും പ്രകാശിപ്പിക്കും.
കേരള ബാങ്കിന്റെ ഡിജിറ്റലൈസേഷൻ വിപ്ലവത്തിന് തുടക്കമാണ് ഐ.ടി ഏകീകരണം. സ്റ്റാർട്ട്അപ്പ് ഇന്നോവേഷൻ ഹബും ഡിജിറ്റൽ പ്ലാറ്റ്‌ഫോമും വളർച്ചയ്ക്ക് വേഗം പകരും ഗോപി കോട്ടമുറിക്കൽ, പ്രസിഡന്റ് ,കേരളബാങ്ക്.