ഡിസംബറോടെ കേരളത്തിൽ ബി.എസ്.എൻ.എൽ 5ജി സേവനങ്ങൾ
#4ജി നെറ്റ്‌വർക്ക് പൂർത്തിയായി, ഇ.സിം പദ്ധതിക്കും തുടക്കം
തിരുവനന്തപുരം: കേരളത്തിൽ ഡിസംബറോടെ അഞ്ചാം തലമുറ ടെലികോം(5ജി) സേവനങ്ങൾ ബി.എസ്.എൻ.എൽ ലഭ്യമാക്കും. തദ്ദേശീയമായി നിർമ്മിച്ച 4ജി നെറ്റ്‌വർക്ക് സംവിധാനം ഇന്നുമുതൽ സംസ്ഥാനത്ത് പൂർത്തിയാകും. ഇതോടൊപ്പം ഇ.സിം പദ്ധതിയും ലഭ്യമാകുമെന്ന് ബി.എസ്.എൻ.എൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ ആർ.സജികുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തദ്ദേശീയ 4ജി നെറ്റ്‌വർക്ക് രാജ്യം മുഴുവൻ നടപ്പാക്കുന്നതിന്റെ പ്രഖ്യാപനം ഒഡിഷയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ഒക്ടോബർ ഒന്നിന് ബി.എസ്.എൻ.എൽ രൂപീകരിച്ചതിന്റെ 25ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് വിപ്ളവകരമായ സേവനങ്ങൾ ലഭ്യമാക്കുന്നത്.
തേജസ് നെറ്റ് വർക്ക്, സിഡോട്ട്, ടി.സി.എസ് എന്നിവയുമായി ചേർന്നാണ് 4ജി ശ്യംഖല വികസിപ്പിച്ചത്.
സ്വന്തം സാങ്കേതികവിദ്യ ഉപയോഗിച്ച് ടെലികോം സേവനങ്ങൾ നൽകുന്ന ലോകത്തെ ആറാമത്തെ രാജ്യമാണ് ഇന്ത്യ.
5ജി റെഡി നെറ്റ്‌വർക്ക്
അടുത്ത ഘട്ടത്തിൽ 5ജി സേവനം നൽകാനും നിലവിലെ നെറ്റ്‌വർക്കിൽ സംവിധാനമുള്ളതിനാൽ അധിക ചെലവുണ്ടാകില്ല. 4ജി നെറ്റ്‌വർക്കിലെ പ്രായോഗിക പ്രശ്നങ്ങൾ പരിഹരിച്ച് പൂർണസജ്ജമാകുമ്പോൾ 5ജി സേവനങ്ങളും ഉറപ്പാക്കുന്നതിനായി രാജ്യമൊട്ടാകെ ഒരു ലക്ഷത്തിനടുത്ത് ടവറുകളാണ് സ്ഥാപിച്ചത്. കേരളത്തിൽ 7,200 ടവറുകളുണ്ട്. മൊബൈൽ,ഇന്റർനെറ്റ്,വൈഫൈ സേവനങ്ങൾ മികച്ച രീതിയിൽ തടസങ്ങളില്ലാതെ കിട്ടുമെന്ന് ചീഫ് ജനറൽ മാനേജർ അറിയിച്ചു.
ത്രിജി സർവീസ് അവസാനിപ്പിക്കുന്നു
4ജി തുടങ്ങിയതോടെ സംസ്ഥാനത്തെ 3ജി സേവനങ്ങൾ അവസാനിപ്പിക്കും. നിലവിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ത്രിജി സേവനങ്ങൾ നിറുത്തി. 311 സ്ഥലങ്ങളിൽ ഇന്നു മുതൽ 4ജിസേവനങ്ങൾ കിട്ടും. കെ.എസ്.ഇ.ബി.യുടെ ഡാം സൈറ്റുകൾ, ഉൾവനങ്ങളിലുള്ള ആദിവാസി ഊരുകൾ എന്നിവിടങ്ങളാണ് ശേഷിക്കുന്നത്. 4ജി വരുന്നതോടെ സംസ്ഥാനത്ത് ബി.എസ്.എൻ.എൽ.വരുമാനം 2,500കോടി രൂപയാകുമെന്നും സജികുമാർ പറഞ്ഞു.
ഇ.സിം ഇന്ന് മുതൽ
ഫിസിക്കൽ സിം കാർഡിന് പകരം ഇലക്ട്രോണിക് സിം ഇന്ന് മുതൽ സൗജന്യമായി നൽകും. ബി.എസ്.എൻ.എൽ കസ്റ്റമർകെയർ കേന്ദ്രങ്ങളിൽ നിന്ന് ഇവ വാങ്ങാം. ആപ്പിൾ,ഗൂഗിൾ ഫോണുകളിലും വില കൂടിയ സാംസംഗ് ഫോണുകളിലും ഹൈടെക് ഫോണുകളിലുമാണ് ഇ.സിം ഉപയോഗിക്കുന്നത്.