കരുത്താേടെ ഇന്ത്യൻ സ്‌റ്റാർട്ടപ്പ് ഇക്കോസിസ്‌റ്റം

Saturday 27 September 2025 12:53 AM IST

നിക്ഷേപ ഒഴുക്കിൽ ആഗോള തലത്തിൽ മൂന്നാമത്

കൊച്ചി: ആഗോള മേഖലയിലെ പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് നടപ്പുവർഷവും ഇന്ത്യൻ സ്‌റ്റാർട്ടപ്പ് കമ്പനികൾ മികവ് തുടരുന്നു. മുൻവർഷത്തേക്കാൾ നിക്ഷേപ ഒഴുക്കിൽ 23 ശതമാനം ഇടിവുണ്ടായെങ്കിലും ലോകത്തിലെ മൂന്നാമത്തെ വലിയ സ്‌റ്റാർട്ടപ്പ് ഇക്കോസിസ്‌റ്റമെന്ന പദവി ഇന്ത്യ നിലനിറുത്തി. ജർമ്മനിയെയും ഫ്രാൻസിനെയും പിന്നിലാക്കിയാണ് ഇന്ത്യൻ സ്‌റ്റാർട്ടപ്പുകൾ മികച്ച പ്രകടനം തുടരുന്നത്. നടപ്പുവർഷം ആദ്യ ഒൻപത് മാസത്തിൽ 770 കോടി ഡോളറിന്റെ(68,000 കോടി രൂപ) നിക്ഷേപമാണ് സ്‌റ്റാർട്ടപ്പുകളിലെത്തിയത്. യു.എസ്.എയും യു.കെയും മാത്രമാണ് പട്ടികയിൽ ഇന്ത്യയ്ക്ക് മുകളിലുള്ളത്. അതേസമയം കഴിഞ്ഞ വർഷം ഇതേകാലയളവിൽ നേടിയ 1,010 കോടി ഡോളറിനേക്കാൾ 23 ശതമാനം ഇടിവ് ഇത്തവണയുണ്ടായി.

നിക്ഷേപ മൂല്യം കുറഞ്ഞെങ്കിലും നിലവിലുള്ള കമ്പനികളിൽ അധിക തുക മുടക്കുന്നവരുടെ എണ്ണം ഉയരുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മികച്ച വളർച്ച സാദ്ധ്യതയുള്ള നിരവധി കമ്പനികൾ ഇന്ത്യയിൽ ഉയർന്നു വരുന്നുവെന്നാണ് വ്യക്തമാകുന്നത്. എന്റർപ്രൈസ് ആപ്ളിക്കേഷൻ, റീട്ടെയിൽ ടെക്ക്, ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ലോജിസ്‌റ്റിക്‌സ് ടെക്ക് തുടങ്ങിയ മേഖലകളിലേക്കാണ് പ്രധാനമായും നിക്ഷേപം ഒഴുകുന്നത്.

യൂണികോണുകളുടെ എണ്ണം ഉയരുന്നു

സ്‌റ്റാർട്ടപ്പ് മേഖല മികച്ച വളർച്ച നേടിയതോടെ ഇന്ത്യയിൽ പുതിയ നാല് യൂണികോണുകളാണ് നടപ്പുവർഷമുണ്ടായത്. നൂറ് കോടി ഡോളറിലധികം(8,800 കോടി രൂപ) മൂല്യമുള്ള സ്റ്റാർട്ടപ്പ് സ്ഥാപനങ്ങളാണ് യൂണികോണുകൾ എന്നറിയപ്പെടുന്നത്. പുതിയ കണക്കുകളനുസരിച്ച് 122 യൂണികോണുകളാണ് ഇന്ത്യയിൽ മൊത്തമുള്ളത്. രാജ്യത്തെ യൂണികോൺ തലസ്ഥാനമെന്ന സ്ഥാനം ഇത്തവണയും ബംഗളുരൂ നിലനിറുത്തി. മൊത്തം 20 യൂണികോണുകളുമായി ഗുർഗാവും 18 എണ്ണവുമായി മുംബയും തൊട്ടുപിന്നിലുണ്ട്.

കേരളത്തിലും സ്‌റ്റാർട്ടപ്പ് തരംഗം

സംസ്ഥാനത്തെ സ്‌റ്റാർട്ടപ്പ് വ്യവസായ രംഗം മികച്ച പ്രകടനം കാഴ്ചവക്കുകയാണ്. പ്രതിവർഷം 20 ശതമാനം വളർച്ചയോടെ നീങ്ങുന്ന സ്‌റ്റാർട്ടപ്പ് രംഗത്ത് ജന ജീവിതം ലളിതമാക്കുന്ന നിരവധി ടെക്ക് ഉത്പന്നങ്ങളാണ് തയ്യാറാകുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, കാർഷിക, കാലാവസ്ഥ, ഡിജിറ്റൽ മേഖലകളിൽ 6,500ൽ അധികം രജിസ്‌റ്റേർഡ് സ്‌റ്റാർട്ടപ്പുകളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ കീഴിൽ വ്യക്തമായ ആസൂത്രണത്തോടെ നടത്തിയ പ്രവർത്തനങ്ങളാണ് ഈ രംഗത്ത് കേരളത്തിന് നേട്ടമായത്.

നടപ്പുവർഷത്തെ വലിയ സ്‌റ്റാർട്ടപ്പ് നിക്ഷേപങ്ങൾ

എറിഷ ഇ മൊബിലിറ്റി: 100 കോടി ഡോളർ

ഗ്രീൻല‌ൈൻ: 27.5 കോടി ഡോളർ

ഇൻഫ്രാ.മാർക്കറ്റ്: 22.2 കോടി ഡോളർ