ലൈംഗികാതിക്രമക്കേസ് : അതിജീവിതയുടെ ശക്തമായ മൊഴിയിൽ മുൻ പ്ലീഡർ ധനേഷ് മാഞ്ഞൂരാന് തടവ്
കൊച്ചി: പൊതുവഴിയിൽ വച്ച് യുവതിയെ കടന്നുപിടിച്ച കേസിൽ മുൻ ഗവ. പ്ലീഡർ എളമക്കര സ്വദേശി ധനേഷ് മാത്യു മാഞ്ഞൂരാന് (45) തടവുശിക്ഷ വിധിച്ച കേസിൽ ശ്രദ്ധേയ നിരീക്ഷണങ്ങളുമായി കോടതി. പൊലീസിനോടും കോടതി മുമ്പാകെയും തനിക്കെതിരെയുണ്ടായ അതിക്രമം അതിജീവിത കൃത്യമായി വിവരിച്ചിട്ടുണ്ടെന്ന് വിലയിരുത്തിയാണ് പ്രതിക്ക് ഒരു വർഷം തടവും 10,000 രൂപ പിഴയും കഴിഞ്ഞ ദിവസം വിധിച്ചത്. പിഴത്തുകയുടെ പകുതി അതിജീവിതയ്ക്ക് നൽകണം.
അതിജീവിതയുടെ മൊഴി വിശ്വസനീയവും ശക്തവുമാണെങ്കിൽ ശിക്ഷവിധിക്കാൻ അത് മതിയാകുമെന്ന് എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ. അഭിരാമിയുടെ ഉത്തരവിൽ പറയുന്നു.
2016 ജൂലായ് 14നായിരുന്നു കേസിനാസ്പദമായ സംഭവം. ഇത് റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാദ്ധ്യമപ്രവർത്തകരെ അഭിഭാഷകർ കൈയേറ്റം ചെയ്തിരുന്നു. ഹൈക്കോടതി പരിസരത്തുണ്ടായ സംഘർഷം പിന്നീട് സംസ്ഥാനത്തെ മറ്റ് പ്രധാന കോടതികളിലേക്ക് വ്യാപിക്കുകയും മാദ്ധ്യമപ്രവർത്തകർക്ക് ഉപരോധം തീർക്കുകയും ചെയ്തിരുന്നു. പ്രതി നിരപരാധിയാണെന്ന നിലപാടാണ് അഭിഭാഷകസംഘടനകൾ സ്വീകരിച്ചിരുന്നത്.
വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന യുവതി രാത്രി ഏഴരയോടെ ജോലികഴിഞ്ഞ് ബസ്‌സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ എതിരേ വന്ന ധനേഷ് കടന്നുപിടിച്ചെന്നാണ് കേസ്. യുവതി ഒച്ചവച്ചപ്പോൾ പ്രതി സമീപത്തെ മാളിലേക്ക് ഓടിക്കയറി. ആളുകൾ വളഞ്ഞുവച്ചതോടെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയും അന്നു തന്നെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥന് തന്നോടുള്ള വിരോധത്തിൽ കെട്ടിച്ചമച്ച പരാതിയാണെന്ന് പ്രതി വാദിച്ചു. എന്നാൽ അതിജീവിതയ്ക്ക് ഇൻസ്പെക്ടറുമായി പരിചയമില്ലെന്ന് കോടതി കണ്ടെത്തി. മാനഭംഗത്തിന് ശ്രമിച്ചത് ഗുരുതര കുറ്റകൃത്യമാണെന്നും കോടതി വിലയിരുത്തി.
മൂന്നു വർഷത്തിൽ താഴെയുള്ളശിക്ഷയായതിനാൽ ഉടൻ ജയിലിൽ പോകേണ്ടിവരില്ല. ശിക്ഷ ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതോടെ സെഷൻസ് കോടതിയിൽ അപ്പീൽ നൽകാനുള്ള സാവകാശമായി. ധനേഷ് മാഞ്ഞൂരാന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.