'കേരളകൗമുദി വായിച്ചില്ലേ..' പി. വിജയന് കൈയടിയുമായി ഡി.ജി.പിയും ഉദ്യോഗസ്ഥരുംസ ഉന്നതതല യോഗത്തിൽ ആദരം

Saturday 27 September 2025 12:04 AM IST

പി.വിജയൻ

തിരുവനന്തപുരം: ''കേരളകൗമുദിയിൽ വായിച്ചില്ലേ, കേരളാ പൊലീസിന്റെ അന്വേഷണ മികവ് ലോകമറിഞ്ഞ അഭിമാന നിമിഷമാണിത്. ഇതിന് കാരണമായ അഡി. ഡി.ജി.പി പി.വിജയന് നമുക്ക് എഴുന്നേറ്റുനിന്ന് ആദരവ് നൽകാം''. പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ഇതു പറഞ്ഞപ്പോൾ എ.ഡി.ജി.പിമാരും ജില്ലാ പൊലീസ് മേധാവിമാരുമടക്കം എഴുന്നേറ്റു നിന്ന് കൈയടികളോടെ പി. വിജയന് ആദരവ് നൽകി.

പി. വിജയന്റെ നേതൃത്വത്തിലുള്ള ചേലേമ്പ്ര ബാങ്ക് കവർച്ചാക്കേസിലെ അന്വേഷണത്തെക്കുറിച്ചുള്ള 'ഇന്ത്യാസ് മണി ഹെയ്സ്റ്റ്' എന്ന പുസ്തകം ഹാർവാഡ് അടക്കം ആറ് അമേരിക്കൻ സർവകലാശാലകളിൽ പഠനഗ്രന്ഥമായെന്ന 'കേരളകൗമുദി' റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് മേധാവിയുടെ അഭിനന്ദനം. സംസ്ഥാനത്തെ കുറ്റകൃത്യങ്ങൾ അവലോകനം ചെയ്യാൻ പൊലീസ് ആസ്ഥാനത്ത് കഴിഞ്ഞദിവസം ചേർന്ന ഉന്നതതല യോഗത്തിലായിരുന്നു ഇത്.

വിജയന്റെ അന്വേഷണ മികവ് അമേരിക്കയിൽ പോലും പഠനഗ്രന്ഥമാവുന്നത് അപൂർവമായ കാര്യമാണെന്ന് ഡി.ജി.പി പറഞ്ഞു. എപ്പോഴും പഴി കേൾക്കുന്ന പൊലീസിന് പോസിറ്റീവായ കാര്യമാണിത്. സേനയെ സംബന്ധിച്ച് ഏറെ അഭിമാനകരമായ നേട്ടം. അതിനാൽ ഒരു മിനിറ്റ് എഴുന്നേറ്റു നിന്ന് വിജയന് ആദരവ് നൽകാമെന്ന് ഡി.ജി.പി പറഞ്ഞു. എ.ഡി.ജി.പിമാരായ എസ്. ശ്രീജിത്ത്, എച്ച്. വെങ്കടേശ്, ഐ.ജിമാരായ എസ്. ശ്യാംസുന്ദർ, പി. പ്രകാശ്, ഡി.ഐ.ജി എസ്. അജീതാബീഗം, ജില്ലാ പൊലീസ് മേധാവിമാരടക്കം യോഗത്തിൽ പങ്കെടുത്തു.

2007ൽ സൗത്ത്മലബാർ ഗ്രാമീൺ ബാങ്കിലെ 80കിലോ സ്വർണവും 25ലക്ഷം രൂപയുമടക്കം എട്ടു കോടിയുടെ കവർച്ചാക്കേസിലെ അന്വേഷണത്തെക്കുറിച്ച് ബംഗാളി എഴുത്തുകാൻ അനിർബൻ ഭട്ടാചാര്യ എഴുതിയ പുസ്തകമാണ് അമേരിക്കൻ സർവകലാശാലകൾ റഫറൻസ് ഗ്രന്ഥമാക്കിയത്. സ്റ്റാൻഫോർഡ്,കോർണെൽ, പെൻസിൽവാനിയ, സൈർക്കോസ്,ടെക്സസ് സർവകലാശാലകളിലും പൊലീസ് സയൻസ്, ക്രിമിനോളജി വിദ്യാർത്ഥികൾക്കുള്ള റഫറൻസ് ഗ്രന്ഥമാണിത്.

''കേരളകൗമുദി റിപ്പോർട്ട് വായിച്ചിരുന്നു. പൊലീസ് സേനയ്ക്കാകെ അഭിമാനകരമായ നേട്ടമാണിത്. നമ്മുടെ അന്വേഷണ മികവിനുള്ള അംഗീകാരവും. പി. വിജയന് അഭിനന്ദനങ്ങൾ

-റവാഡ ചന്ദ്രശേഖർ,

പൊലീസ് മേധാവി