ഷൈനിനെതിരായ സൈബർ ആക്രമണം: കെ.എം. ഷാജഹാന് ഉപാധികളോടെ ജാമ്യം
കൊച്ചി: സി.പി.എം നേതാവ് വടക്കൻപറവൂർ സ്വദേശിനി കെ.ജെ. ഷൈനിനെതിരെ സൈബർ ആക്രമണം നടത്തിയെന്ന കേസിൽ അറസ്റ്റിലായ രാഷ്ട്രീയ നിരീക്ഷകൻ കെ.എം. ഷാജഹാന് ജാമ്യം അനുവദിച്ചു.
ചോദ്യംചെയ്യലിന് സമയം ലഭിച്ചതിനാൽ കസ്റ്റഡിയിൽ വിടേണ്ടത് അനിവാര്യമല്ലെന്ന് വിലയിരുത്തിയാണ് എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്.കുറ്റകൃത്യം ആവർത്തിക്കരുതെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിക്കരുതെന്നുമാണ് മുഖ്യ ഉപാധി.
കേസിൽ കാട്ടിയ തിടുക്കവും ചുമത്തിയ വകുപ്പുകൾക്ക് മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിയാത്തതുമാണ് പ്രോസിക്യൂഷന് തിരിച്ചടിയായത്. കോടതി പൊലീസ് നടപടികളെ വിമർശിച്ചു.
കേസെടുത്ത് മൂന്നു മണിക്കൂറിനിടെ ആലുവ പൊലീസ് തിരുവനന്തപുരത്ത് എത്തിയതെങ്ങനെയെന്ന് കോടതി ചോദിച്ചു. ചെങ്ങമനാട് എസ്.എച്ച്.ഒയ്ക്ക് ഇതിനുള്ള അധികാരം ആരു നൽകിയെന്നും ആരാഞ്ഞു.
പ്രത്യേക അന്വേഷണസംഘമാണ് കസ്റ്റഡിയിലെടുത്തതെന്നും ചെങ്ങമനാട് എസ്.എച്ച്.ഒ ഇതിൽ അംഗമാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
പരാതിക്കാരിക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാനാകാത്തവിധം നിരന്തരം വീഡിയോകൾ പോസ്റ്റുചെയ്യുകയാണ്. കഴിഞ്ഞദിവസം ചോദ്യംചെയ്ത് വിട്ടയച്ചശേഷവും വീഡിയോ പോസ്റ്റുചെയ്തു. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.
വീഡിയോകളിൽ ലൈംഗികച്ചുവയുള്ള വാക്കുകൾ ഉൾപ്പെടുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. പരാതിക്കാരിയോടുള്ള ചോദ്യങ്ങളാണ് ഒരു പോസ്റ്റിൽ കാണുന്നതെന്നും പരാമർശിച്ചു.
തിരുവനന്തപുരം ആക്കുളത്തെ വീട്ടിൽനിന്നാണ് ഷാജഹാനെ വ്യാഴാഴ്‌ച രാത്രി കസ്റ്റഡിയിലെടുത്തത്. ഇന്നലെ പുലർച്ചെ മൂന്നിന് ചെങ്ങമനാട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ആലുവ റൂറൽ സൈബർ സ്റ്റേഷനിലെത്തിച്ചു. ചോദ്യം ചെയ്യലിന് ശേഷമാണ് വൈകിട്ട് കോടതിയിൽ ഹാജരാക്കിയത്.
പറവൂരിലെ കോൺഗ്രസ് നേതാവ് സി.കെ. ഗോപലകൃഷ്ണനെയടക്കം പ്രതിചേർത്ത് വേറെയും കേസുകളുണ്ട്.
ഭീഷണിപ്പെടുത്തി വീഴ്‌ത്താമെന്ന്
കരുതേണ്ട: ഷാജഹാൻ
ലൈംഗികക്കേസുകളിലും മറ്റും ഇരകൾക്കുവേണ്ടി പോരാടിയ ആളാണ് താനെന്നും ഭീഷണിപ്പെടുത്തി വീഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും കെ.എം. ഷാജഹാൻ ജാമ്യംനേടിയ ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.
25 വർഷമായി പൊതുരംഗത്ത് പ്രവർത്തിക്കുന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കാലം മുതൽ കിളിരൂർ അടക്കമുള്ള കേസുകളിൽ ഇരകൾക്കുവേണ്ടി വിട്ടുവിഴ്ചയില്ലാതെ പോരാടി. വേടന്റെ വിഷയത്തിൽ ഇരയ്ക്ക് അനുകൂലമായി നിലകൊണ്ടു.
വലിയതോതിൽ സമ്മർദ്ദത്തിലാക്കാൻ ഭരണകൂടം ശ്രമിച്ചു. കുടുംബത്തെവരെ സമ്മർദ്ദത്തിലാക്കാൻ നോക്കി. ഒരുതെറ്റും ചെയ്തിട്ടില്ല. ഒരാളെയും അധിക്ഷേപിച്ചിട്ടില്ല. 300 ഭീഷണി ഫോൺവിളികൾ വന്നു. 2000 വീഡിയോകൾ യൂട്യൂബിൽ ചെയ്തിട്ടുണ്ട്. ആദ്യമായാണ് പരാതി വരുന്നത്.
ഷാജഹാന്റെ വീട്ടിൽ പൊലീസ് റെയ്ഡ്
തിരുവനന്തപുരം: യൂട്യൂബർ കെ.എം. ഷാജഹാന്റെ വീട്ടിൽ വീണ്ടും പൊലീസ് പരിശോധന . മകന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും എറണാകുളം റൂറൽ സൈബർ പൊലീസ് പരിശോധനയ്ക്കായി കൊണ്ടുപോയി. വെള്ളിയാഴ്ച രാവിലെയാണ് പരിശോധന നടത്തിയത്. സി.പി.എം നേതാവ് കെ.ജെ ഷൈനിന്റെ പരാതിയിലാണ് കഴിഞ്ഞ ദിവസം ഷാജഹാനെ പൊലീസ് അറസ്റ്റുചെയ്തത്. മകന്റെ ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നും യൂട്യൂബ് ചാനലിലേക്ക് പോസ്റ്റുകൾ നടത്തിയിരുന്നുവെന്ന് കണ്ടതിനാലാണ് അവയും പിടിച്ചെടുത്തത്. ഷാജഹാന്റെ ലാപ്ടോപ്പും ഫോണിലെ മെമ്മറി കാർഡും നേരത്തെ പിടിച്ചെടുത്തിരുന്നു.