ശിവഗിരി:ആചാര്യസ്‌മൃതി പ്രഭാഷണ പരമ്പര ഇന്ന് സമാപിക്കും
ശിവഗിരി : ബോധാനന്ദ സ്വാമികളുടെ അഭിഷേക ശതാബ്ദി പ്രമാണിച്ച് ശിവഗിരിയിൽ നടന്നുവരുന്ന ആചാര്യസ്‌മൃതി ത്രിദിന പ്രഭാഷണ പരമ്പര ഇന്ന് സമാപിക്കും. കഴിഞ്ഞ ദിവസം നടന്ന പ്രഭാഷണത്തിൽ ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യപ്രമുഖനായിരുന്ന ജോൺ ധർമ്മതീർത്ഥ സ്വാമിയെക്കുറിച്ച് ശ്രീനാരായണ സാംസ്കാരിക സമിതി സ്ഥാപക പ്രസിഡന്റ് നെടുംകുന്നം ഗോപാലകൃഷ്ണൻ പ്രഭാഷണം നടത്തി .
അന്ത്യ നാളുകളിൽ തിരുവനന്തപുരം ഗൗരീശപട്ടത്തുള്ള 'ഗൗരീശ' എന്ന വീട്ടിലായിരുന്നു സ്വാമിയുടെ താമസം. നന്തൻകോട് സ്വദേശിയായ സാമുവലായിരുന്നു അവസാന നാളിൽ പരിചരിച്ചത്. മരണ വിവരമറിഞ്ഞ് സമീപവാസികൾ ഉൾപ്പെടെ പലരും ഗൗരീശയിൽ എത്തിയപ്പോൾ കാണാനായത് ഭിത്തിയിൽ ശ്രീനാരായണ ഗുരുദേവന്റെ ചിത്രം മാത്രം. ഇത്രയേറെ സ്വന്തം ഹൃദയത്തിൽ ഗുരുദേവനെ പ്രതിഷ്ഠിച്ച മറ്റധികം ശിഷ്യന്മാർ ഗുരുദേവന് ഉണ്ടായിട്ടില്ലെന്ന് നെടുംകുന്നം ഗോപാലകൃഷ്ണൻ പറഞ്ഞു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആചാര്യപദം അലങ്കരിച്ചു. ശിവലിംഗദാസ് സ്വാമി, സ്വാമി സൂര്യനാരായണ ദീക്ഷിതർ, മാമ്പലം വിദ്യാനന്ദ സ്വാമി, മലയാള സ്വാമി, ജസ്റ്റിസ് സദാശിവ അയ്യർ, നടരാജഗുരു , കെ.ആർ. നാരായണൻ, പറവൂർ കേശവൻ ആശാൻ, ആഗമാനന്ദ സ്വാമി, കുമാരനാശാൻ, പത്രാധിപർ കെ. സുകുമാരൻ, കുമാരസ്വാമി സന്യാസി, ജോൺ ധർമ്മതീർത്ഥർ സ്വാമി, കോട്ടുകോയിക്കൽ വേലായുധൻ, ശങ്കരാനന്ദസ്വാമി എന്നിവരെ സ്മരിച്ച് യഥാക്രമം അസംഗാനന്ദഗിരി സ്വാമി, ശിവനാരായണതീർത്ഥ സ്വാമി, വിശാലാനന്ദ സ്വാമി, സ്മിതാ ലേഖ, ബാബുരാജ് എറണാകുളം, കുറിച്ചി സദൻ , അമ്പിളി ഹാരീഷ് , മോഹനൻ പഞ്ഞിവിള, ജയരാജ് ഭാരതി, ആലപ്പി രമണൻ, മണിയമ്മ ഗോപിനാഥൻ, എ.കെ ജയരാജൻ, അംബിക അശോക്, ബാബുരാജ് വട്ടോടിൽ എന്നിവർ പ്രഭാഷണം നടത്തി. അശോകൻ ശാന്തി, ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, മേഘ രവീന്ദ്രൻ, രതീഷ് കുമാർ, പുത്തൂർ ശോഭനൻ, കെ.ടി. സുകുമാരൻ, ചന്ദ്രൻ പുളിങ്കുന്ന് തുടങ്ങിയവർ സംസാരിച്ചു .