എൻ.എസ്.എസുമായോ, യോഗവുമായോ തർക്കമില്ല; വി.ഡി.സതീശൻ
കണ്ണൂർ: എൻ.എസ്.എസ് അടക്കമുള്ള സാമുദായിക സംഘടനകൾക്ക് എന്ത് നിലപാട് വേണമെങ്കിലും സ്വീകരിക്കാമെന്നും, അതിൽ യു.ഡി.എഫിന് പരിഭവമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിന് എൻ.എസ്.എസുമായും, എസ്.എൻ.ഡി.പി യോഗവുമായും നല്ല ബന്ധമാണ്. എല്ലാ സമുദായ സംഘടനകളുമായും നല്ല ബന്ധം പുലർത്തുകയാണ് കോൺഗ്രസിന്റെ നയം.ബി.ജെ.പിക്കും വർഗീയ ശക്തികൾക്കും ഇടം നൽകുകയാണ് സി.പി.എം. കപട ഭക്തി പരിവേഷക്കാരെ ജനങ്ങളുടെ മുന്നിൽ തുറന്നു കാട്ടും.സി.പി.എം ലീഗിന്റെ പിന്നാലെ എത്ര തവണ നടന്നു. ലീഗ് മതേതര പാർട്ടിയാണെന്ന് എത്ര തവണ പറഞ്ഞു. ലീഗിന്റെ മതേതര നിലപാടിനെതിരെ നിന്ന ഐ.എൻ.എല്ലിനെ കക്ഷത്തു വച്ചിട്ടാണ് ഗോവിന്ദൻ തങ്ങളെ മതേതരത്വം പഠിപ്പിക്കുന്നത്. വേറെ പണി നോക്കിയാൽ മതി.
അയ്യപ്പ സംഗമം ഏഴു നിലയിൽ പൊട്ടിപ്പോയി. മുഖ്യമന്ത്രി വേദിയിലിരിക്കുമ്പോൾ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ച് ഒരു മന്ത്രി കോൾമയിർ കൊള്ളുകയായിരുന്നു.
യു.ഡി.എഫ് ഭരണ കാലത്താണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ എന്താകുമായിരുന്നു കേരളത്തിൽ സി.പി.എമ്മിന്റെ പ്രചരണം.ശബരിമലയിൽ ആചാര ലംഘനത്തിന് അനുകൂലമായ സത്യവാങ്മൂലമാണ് സർക്കാർ കൊടുത്തിട്ടുള്ളത്. തിരഞ്ഞെടുപ്പ്
മുന്നിൽക്കണ്ടാണ് സർക്കാരിന്റെ മാസ്റ്റർ പ്ലാൻ .ഒരേ സമയം ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും എതിർക്കും.അതൊരു മതേതര നിലപാടാണ്. അതിന്റെ പേരിലുള്ള നഷ്ടം കോൺഗ്രസ് സഹിക്കും.കേരളത്തിൽ ബി.ജെ.പിക്കും വർഗീയ ശക്തികൾക്കും ഇടം കണ്ടെത്തുന്ന പരിപാടിയാണ് സി.പി.എം ചെയ്യുന്നതെന്നും സതീശൻ ആരോപിച്ചു.
എൻ.എസ്.എസുമായി തർക്കമില്ല:അടൂർ പ്രകാശ്
കണ്ണൂർ:എൻ.എസ്.എസുമായി യാതൊരു തർക്കവുമില്ലെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. ചർച്ചകളുടെ അടിസ്ഥാനത്തിൽ ഒന്നിച്ചു പോകും.സമദൂര നിലപാടാണ് എൻ.എസ്.എസ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.യു.ഡി.എഫിന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.ശബരിമലയുമായി ബന്ധപ്പെട്ട് സർക്കാരിന്റേത് ഒളിച്ചുകളിയാണെന്നും ഉമ്മൻ ചാണ്ടി ഉൾപ്പെടെ നിരവധിപ്പേരെ കേസിൽ കുരുക്കിയിട്ടുണ്ടെന്നും അവ പിൻവലിക്കണമെന്നും കൂട്ടിച്ചേർത്തു.എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വരുമെന്ന് വെള്ളാപ്പള്ളി പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായം മാറില്ലെന്നു പറയാൻ സാധിക്കില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.കണ്ണൂരിൽ യു.ഡി.എഫ് നേതൃ കൺവെൻഷനിൽ പങ്കെടുക്കുന്നതിനിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫ്ളക്സ് ആർക്കും വയ്ക്കാം: സുകുമാരൻ നായർ
കോട്ടയം:തന്നെ വിമർശിച്ചുള്ള ഫ്ളക്സ് ബോർഡുകൾ പണം മുടക്കുന്ന ആർക്കും വയ്ക്കാമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു.അയ്യപ്പ സംഗമത്തെ പിന്തുണച്ച നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും നിലപാട് സമുദായംഗങ്ങളിൽ പലരും നല്ലതാണെന്ന് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.