ചിപ്പിലിത്തോട് - തളിപ്പുഴ ചുരം ബൈപ്പാസ് മുസ്ലിം ലീഗ് ജനകീയ സത്യാഗ്രഹം ഇന്ന്
കോഴിക്കോട്: ചിപ്പിലിത്തോട് - തളിപ്പുഴ ചുരം ബൈപ്പാസ് ഉടന്‍ സാദ്ധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് അടിവാരത്ത് ജനകീയ സത്യാഗ്രഹം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെ നടക്കുന്ന സമരം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്യും. വളരെ എളുപ്പത്തില്‍ സാധിക്കുന്ന ചിപ്പിലിത്തോട് - തളിപ്പുഴ ബൈപ്പാസിന് ചുരം ഡി.പി.ആര്‍. തയ്യാറാക്കുന്നത് ദേശീയ പാത വകുപ്പ് തലത്തില്‍ നടപടിയായെങ്കിലും സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചാലേ പാരിസ്ഥിതിക അനുമതിയും മറ്റും എളുപ്പത്തില്‍ ലഭ്യമാക്കാനാൻ സാധിക്കുകയുള്ളു. ചുരത്തിലെ അടിക്കടിയുള്ള ഗതാഗതക്കുരുക്ക് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വാഹനത്തിരക്കിനൊത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താനും വളവുകളില്‍ കേടുവന്ന് നിലച്ചു പോവുന്ന വാഹനങ്ങള്‍ അപ്പപ്പോള്‍ നീക്കം ചെയ്യുന്നതിന് മതിയായ ക്രെയിന്‍ സൗകര്യം ഉറപ്പ് വരുത്താനും കഴിയുന്നില്ല. ഇടുങ്ങിയ വളവുകള്‍ നിവര്‍ത്താന്‍ മതിയായ സ്ഥലം (2.25 ഏക്കര്‍) വനം പരിസ്ഥിതി വകുപ്പ് വിട്ട് തന്നിട്ട് എട്ട് വര്‍ഷം തികയുന്നു. എന്നാല്‍ ഈ വര്‍ഷം മാത്രമാണ് പ്രവൃത്തിക്ക് വേണ്ട ഫണ്ട് വകയിരുത്തിയത്. ഈ പദ്ധതി അടിയന്തിരമായി പൂര്‍ത്തീകരിക്കണം. കാലപ്പഴക്കവും അമിതഭാരവും കൊണ്ട് നിലനില്‍പ്പ് ഭീഷണി നേരിടുന്ന ചുരത്തില്‍ മേലിലും മണ്ണിടിച്ചിലും പ്രകൃതി ക്ഷോഭ നാശനഷ്ടങ്ങളും ഉണ്ടാവാം. ഇത് സംബന്ധിച്ച് പല റിപ്പോര്‍ട്ടുകളും നേരത്തെ തന്നെ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. ചുരത്തില്‍ പ്രത്യേക പരിരക്ഷ പാക്കേജ് ആവിഷ്‌ക്കരിച്ച് നടപ്പാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് എം.എ റസാഖ്, ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ജന. സെക്രട്ടറി ടി.ടി ഇസ്മായില്‍, സമരസംഘാടക സമിതി ചെയര്‍മാന്‍ വി.കെ ഹുസൈന്‍ കുട്ടി എന്നിവര്‍ പങ്കെടുത്തു.