അങ്കണവാടി കുട്ടിക്ക് മർദ്ദനം: മന്ത്രി റിപ്പോർട്ട് തേടി
Saturday 27 September 2025 12:00 AM IST
നേമം (തിരുവനന്തപുരം): മൊട്ടമൂട് പറമ്പിക്കോണം അങ്കണവാടിയിൽ രണ്ടരവയസുള്ള കുട്ടിയെ അദ്ധ്യാപിക കരണത്തടിച്ച സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറോട് മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യമറിയിച്ചത്. കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി.
അദ്ധ്യാപിക പുഷ്പകലയോട് വകുപ്പ് വിശദീകരണം തേടും. പൊലീസും അന്വേഷണം തുടങ്ങി. വകുപ്പ് ഉദ്യോഗസ്ഥർ കുട്ടിയുടെ വീട് സന്ദർശിച്ച് മാതാപിതാക്കളോട് വിവരം ചോദിച്ചറിഞ്ഞു. തിങ്കളാഴ്ച മെഡിക്കൽ കോളേജ് ഇ.എൻ.ടി വിഭാഗത്തിൽ കുട്ടിയുടെ കേൾവി പരിശോധനയടക്കം നടത്തും. ചെവിയിലടക്കം വേദന സഹിക്കാൻ കഴിയാതെ കുട്ടി ഇപ്പോഴും നിറുത്താതെ കരച്ചിലാണെന്ന് മാതാപിതാക്കൾ പറഞ്ഞു.