ഒമാനിൽ പരമ്പര നേടി കേരള ടീം

Friday 26 September 2025 11:21 PM IST

മസ്കറ്റ് : ഒമാൻ ചെയർമാൻസ് ഇലവനെതിരായ ട്വന്റി-20 പരമ്പര സ്വന്തമാക്കി കേരള ടീം. ഇന്നലെ നടന്ന മൂന്നാം മത്സരത്തിൽ 43 റൺസിന് ജയിച്ചാണ് സലി സാംസൺ നയിച്ച കേരള ടീം 2-1ന് പരമ്പര നേടിയത്. ആദ്യ മത്സരത്തിൽ തോറ്റ കേരളം രണ്ടാം മത്സരത്തിൽ ഒരു റണ്ണിന് ജയിച്ചാണ് തിരിച്ചുവന്നത്.

ഇന്നലെ മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. ഓപ്പണർ വിഷ്ണു വിനോദിന്റെ(57 പന്തുകളിൽ നിന്ന് 101) തകർപ്പൻ സെഞ്ച്വറിയാണ് കേരളത്തിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ ചെയർമാൻ ഇലവൻ 147/9ൽ ഒതുങ്ങി. സലി സാംസൺ ( 30) ,അൻഫൽ (32) എന്നിവരും കേരളത്തിനായി ബാറ്റിംഗിൽ തിളങ്ങി. ബൗളിംഗിൽ അഖിൽ സ്കറിയ നാല് ഓവറുകളിൽ 35 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ജെറിൻ പി.എസ് മൂന്ന് വിക്കറ്റും സ്വന്തമാക്കി.

കെ.സി.എൽ രണ്ടാം സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെ ഉൾപ്പെടുത്തിയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഒമാൻ പര്യടനം സംഘടിപ്പിച്ചത്.