ഇന്ന് ലോക വിനോദസഞ്ചാര ദിനം, പത്തനംതി​ട്ടയി​ൽ പതറുന്ന ടൂറിസം

Saturday 27 September 2025 12:22 AM IST

പത്തനംതിട്ട : ലോകം ഇന്ന് വിനോദസഞ്ചാര ദിനം ആഘോഷമാക്കുമ്പോൾ ജില്ലയ്ക്ക് നേട്ടമായി പറയാൻ ഒന്നുമില്ല. വളർച്ച മുരടിച്ച ടൂറിസം മേഖലയാണ് ജില്ലയിലേതെന്ന് ആക്ഷേപം ശക്തമാണ്. പദ്ധതികളൊന്നുമില്ലാതെ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ നാഥനില്ലാത്ത കളരിയാണ്.

ജില്ലയിൽ സഞ്ചാരികൾ എത്തുന്ന വനംവകുപ്പിന് കീഴിലുള്ള കോന്നി ആനത്താവളം, അടവി കുട്ടവഞ്ചി സവാരി, ഗവി എന്നിവയിൽ നിന്നാണ് വലിയ തോതിൽ വരുമാനം ലഭിക്കുന്നത്. അയവില്ലാത്ത കാലവർഷവും മണ്ണിടിച്ചിലും കാരണം ഗവിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ ഇത്തവണ കുറവുണ്ടായി.

ജില്ലാ പ്രൊമോഷൻ കൗൺസിലിന് കീഴിലുള്ള ടൂറിസം സെന്ററുകൾ പരിരക്ഷയില്ലാതെ നശിക്കുകയാണ്. ചരിത്രപ്രസിദ്ധമായ മണ്ണടി വേലുത്തമ്പി സ്മാരക മ്യൂസിയത്തിന് പ്രചാരമില്ലാത്തതിനാൽ ആളുകളെത്തുന്നില്ല. കോഴഞ്ചേരി അരുവിക്കുഴി വെള്ളച്ചാട്ടം സാഹസിക ടൂറിസത്തിന് പദ്ധതി തയ്യാറാക്കിയെങ്കിലും നടപ്പായില്ല. തണ്ണിത്തോട് മണ്ണീറ വെള്ളച്ചാട്ടം വിനോദസഞ്ചാര വകുപ്പ് ഏറ്റെടുക്കുന്നില്ല. അടവി എക്കോ ടൂറിസത്തിന് സമീപമാണിത്.

പത്തനംതിട്ട നഗര മുഖമായ ചുട്ടിപ്പാറയെയും പുലിപ്പാറയെയും കോർത്തിണിക്കി റോപ്പ് വേ ടൂറിസത്തിനും പദ്ധതി വിഭാവനം ചെയ്തിരുന്നു.

കാടുകയറിയ മണിയാർ ടൂറിസം പദ്ധതി പുനരുദ്ധരിക്കുന്നതിനുളള പദ്ധതി കഴിഞ്ഞ മാസമാണ് തുടങ്ങിയത്. പെരുന്തേനരുവി വെള്ളച്ചാട്ടം പഴയപടി തന്നെ. തിരുവല്ല ചന്തക്കടവ് വാട്ടർ പാർക്ക് കാടു തെളിച്ചിട്ടു.

സാദ്ധ്യതകളേറെ

ആഗോള അയ്യപ്പസംഗമത്തിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ പിൽഗ്രിം, സാംസ്‌കാരിക ടൂറിസം വികസിപ്പിച്ച് കൂടുതൽ സഞ്ചാരികളെ അകർഷിക്കാനും തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനും കഴിയുമെന്ന് ജില്ലയിലെ ടൂറിസം വികസനത്തിനുള്ള നൂതന പദ്ധതികൾ ആവിഷ്കരിച്ച ഡി.ടി.പി.സി മുൻ സെക്രട്ടറി വർഗീസ് പുന്നൻ പറഞ്ഞു. അദ്ദേഹത്തിന്റെ നിർദേശങ്ങൾ:

1. ശബരിമല ഉൾപ്പെടുന്ന വിനോദ സഞ്ചാര മേഖലയുടെ (ഗവി, പെരുന്തേനരുവി, മണിയാർ ഉൾപ്പെടെ) പ്രവേശന കവാടമായി വടശ്ശേരിക്കരയെ പ്രഖ്യാപിക്കണം. ഇവിടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തി കൂടുതൽ ഡോർമെട്രികൾ, റെസ്റ്റോറന്റ്സ്, പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തണം. ദർശനം കഴിഞ്ഞ് മടങ്ങുന്ന തീർത്ഥാടകർക്ക് ഇവി​ടെ നി​ന്ന് മറ്റ് തീർത്ഥാടക കേന്ദ്രത്തിൽ എത്തുവാൻ ടൂർ പാക്കേജ് നടത്താം.

2. പന്തളം കുളനട അമിനിറ്റി സെന്ററിൽ തീർത്ഥാടകർക്കും

സഞ്ചാരികൾക്കും താമസസൗകര്യമൊരുക്കണം.

3. തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര പരിസരത്തുള്ള സത്രത്തിൽ നിന്ന് വൈഷ്ണവ ക്ഷേത്രങ്ങളിലേക്ക് ടൂർ പാക്കേജ് ക്രമീകരിക്കണം.

4.ഒക്ടോബർ, നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ ഫോക്ലോർ അക്കാദമിയുടെ സഹകരണത്തോടെ നാടൻ കലകളുടെ 'ഉത്സവം' വടശ്ശേരിക്കര, പന്തളം, തിരുവല്ല എന്നിവിടങ്ങളിൽ സംഘടിപ്പിക്കണം.

5. തീർത്ഥാടക കേന്ദ്രങ്ങൾ ഉൾപ്പെടുത്തി ഫെസ്റ്റിവെൽ കലണ്ടർ തയ്യാറാക്കി വിവിധ രാജ്യങ്ങൾക്ക് പരിചയപ്പെടുത്തണം.