നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചു; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

Friday 26 September 2025 11:41 PM IST

മലപ്പുറം: ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ - കോഴിക്കോട് ദേശീയപാതയില്‍ മലപ്പുറം വലയപറമ്പിലാണ് സംഭവം. ദര്‍സ് വിദ്യാര്‍ത്ഥികളായ വൈലത്തൂര്‍ സ്വദേശി ഉസ്മാന്‍, വള്ളിക്കുന്ന് സ്വദേശി ഷാഹുല്‍ ഹമീദ് എന്നിവരാണ് മരിച്ചത്. ഉസ്മാന്‍ അപകടസ്ഥലത്തും ഷാഹുല്‍ ഹമീദ് തിരൂരങ്ങാടിയിലെ എം.കെ.എച്ച് ആശുപത്രിയിലും വെച്ചാണ് മരിച്ചത്.

താനൂര്‍ പുത്തന്‍തെരു സ്വദേശി അബ്ബാസ്, വേങ്ങര സ്വദേശി ഫഹദ്, താനൂര്‍ സ്വദേശി സര്‍ജാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടക്കല്‍, തിരൂരങ്ങാടി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നു. പ്രദേശത്ത് മഴയുണ്ടായിരുന്ന സമയത്താണ് അപകടം.

രാത്രി ഒമ്പത് മണിയോടെ തലപ്പാറ വി.കെ. പടിയിലായിരുന്നു അപകടം. ദേശീയപാതക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിക്കുകയായിരുന്നു. കൊളപ്പുറം ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കാര്‍. ദര്‍സ് പഠനം കഴിഞ്ഞ് പള്ളിയില്‍ നിന്ന് മടങ്ങിയ വിദ്യാര്‍ത്ഥികളാണ് കാറില്‍ ഉണ്ടായിരുന്നത്.