ബിഎസ്എന്‍എല്ലും 5ജിയിലേക്ക്; കേരളത്തില്‍ ഈ വര്‍ഷം തന്നെ ലഭ്യമാകും

Saturday 27 September 2025 12:00 AM IST

4ജി നെറ്റ്വര്‍ക്ക് പൂര്‍ത്തിയായി, ഇ.സിം പദ്ധതിക്കും തുടക്കം

തിരുവനന്തപുരം: കേരളത്തില്‍ ഡിസംബറോടെ അഞ്ചാം തലമുറ ടെലികോം(5ജി) സേവനങ്ങള്‍ ബി.എസ്.എന്‍.എല്‍ ലഭ്യമാക്കും. തദ്ദേശീയമായി നിര്‍മ്മിച്ച 4ജി നെറ്റ്വര്‍ക്ക് സംവിധാനം ഇന്നുമുതല്‍ സംസ്ഥാനത്ത് പൂര്‍ത്തിയാകും. ഇതോടൊപ്പം ഇ.സിം പദ്ധതിയും ലഭ്യമാകുമെന്ന് ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്‍.സജികുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തദ്ദേശീയ 4ജി നെറ്റ്വര്‍ക്ക് രാജ്യം മുഴുവന്‍ നടപ്പാക്കുന്നതിന്റെ പ്രഖ്യാപനം ഒഡിഷയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഒക്ടോബര്‍ ഒന്നിന് ബി.എസ്.എന്‍.എല്‍ രൂപീകരിച്ചതിന്റെ 25ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് വിപ്‌ളവകരമായ സേവനങ്ങള്‍ ലഭ്യമാക്കുന്നത്.

തേജസ് നെറ്റ് വര്‍ക്ക്, സിഡോട്ട്, ടി.സി.എസ് എന്നിവയുമായി ചേര്‍ന്നാണ് 4ജി ശ്യംഖല വികസിപ്പിച്ചത്.

സ്വന്തം സാങ്കേതികവിദ്യ ഉപയോഗിച്ച് ടെലികോം സേവനങ്ങള്‍ നല്‍കുന്ന ലോകത്തെ ആറാമത്തെ രാജ്യമാണ് ഇന്ത്യ.

5ജി റെഡി നെറ്റ്വര്‍ക്ക്

അടുത്ത ഘട്ടത്തില്‍ 5ജി സേവനം നല്‍കാനും നിലവിലെ നെറ്റ്വര്‍ക്കില്‍ സംവിധാനമുള്ളതിനാല്‍ അധിക ചെലവുണ്ടാകില്ല. 4ജി നെറ്റ്വര്‍ക്കിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് പൂര്‍ണസജ്ജമാകുമ്പോള്‍ 5ജി സേവനങ്ങളും ഉറപ്പാക്കുന്നതിനായി രാജ്യമൊട്ടാകെ ഒരു ലക്ഷത്തിനടുത്ത് ടവറുകളാണ് സ്ഥാപിച്ചത്. കേരളത്തില്‍ 7,200 ടവറുകളുണ്ട്. മൊബൈല്‍,ഇന്റര്‍നെറ്റ്,വൈഫൈ സേവനങ്ങള്‍ മികച്ച രീതിയില്‍ തടസങ്ങളില്ലാതെ കിട്ടുമെന്ന് ചീഫ് ജനറല്‍ മാനേജര്‍ അറിയിച്ചു.

ത്രിജി സര്‍വീസ് അവസാനിപ്പിക്കുന്നു

4ജി തുടങ്ങിയതോടെ സംസ്ഥാനത്തെ 3ജി സേവനങ്ങള്‍ അവസാനിപ്പിക്കും. നിലവില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ത്രിജി സേവനങ്ങള്‍ നിറുത്തി. 311 സ്ഥലങ്ങളില്‍ ഇന്നു മുതല്‍ 4ജിസേവനങ്ങള്‍ കിട്ടും. കെ.എസ്.ഇ.ബി.യുടെ ഡാം സൈറ്റുകള്‍, ഉള്‍വനങ്ങളിലുള്ള ആദിവാസി ഊരുകള്‍ എന്നിവിടങ്ങളാണ് ശേഷിക്കുന്നത്. 4ജി വരുന്നതോടെ സംസ്ഥാനത്ത് ബി.എസ്.എന്‍.എല്‍.വരുമാനം 2,500കോടി രൂപയാകുമെന്നും സജികുമാര്‍ പറഞ്ഞു.

ഇ.സിം ഇന്ന് മുതല്‍

ഫിസിക്കല്‍ സിം കാര്‍ഡിന് പകരം ഇലക്ട്രോണിക് സിം ഇന്ന് മുതല്‍ സൗജന്യമായി നല്‍കും. ബി.എസ്.എന്‍.എല്‍ കസ്റ്റമര്‍കെയര്‍ കേന്ദ്രങ്ങളില്‍ നിന്ന് ഇവ വാങ്ങാം. ആപ്പിള്‍,ഗൂഗിള്‍ ഫോണുകളിലും വില കൂടിയ സാംസംഗ് ഫോണുകളിലും ഹൈടെക് ഫോണുകളിലുമാണ് ഇ.സിം ഉപയോഗിക്കുന്നത്.