സൂപ്പർ ഓവറിൽ ഇന്ത്യ
സൂപ്പർ ഫോറിലെ അവസാനമത്സരത്തിൽ ശ്രീലങ്കയെ സൂപ്പർ ഓവറിൽ തോൽപ്പിച്ച് ഇന്ത്യ
ഇന്ത്യ - പാകിസ്ഥാൻ ഫൈനൽ നാളെ
ഏഷ്യാ കപ്പിന്റെ 41 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലിൽ ഏറ്റുമുട്ടുന്നത്
ദുബായ് : ഏഷ്യാകപ്പ് ക്രിക്കറ്റിൽ നാളെ പാകിസ്ഥാന് എതിരായ ഫൈനലിന് മുന്നോടിയായി ഇന്നലെ ശ്രീലങ്കയ്ക്ക് എതിരെ സൂപ്പർ ഫോർ മത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് സൂപ്പർ ഓവറിൽ വിജയം. ഇരുടീമുകളും നിശ്ചിത 20 ഓവറിൽ 202/5 എന്ന സ്കോർ നേടിയതോടെയാണ് സൂപ്പർ ഓവർ വേണ്ടിവന്നത്. സൂപ്പർ ഓവറിൽ ലങ്ക രണ്ട് റൺസേ നേടിയുള്ളൂ. ഇന്ത്യ ആദ്യ പന്തിൽ ലക്ഷ്യത്തിലെത്തി.
നേരത്തേ ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 31 പന്തുകളിൽ എട്ടുഫോറും രണ്ട് സിക്സുമടക്കം 61 റൺസ് നേടിയ അഭിഷേക്, 34 പന്തുകളിൽ പുറത്താകാതെ 49 റൺസ് നേടിയ തിലക് വർമ്മ, 23 പന്തുകളിൽ 39 റൺസ് നേടിയ സഞ്ജു സാംസൺ എന്നിവരുടെ മികവിൽ നിശ്ചിത 20 ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ റൺസ് എന്ന നിലയിലെത്തി. ഈ ടൂർണമെന്റിലെ അഭിഷേകിന്റെ തുടർച്ചയായ മൂന്നാം അർദ്ധസെഞ്ച്വറിയാണിത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർ ഗില്ലിനെ (4) രണ്ടാം ഓവറിൽ നഷ്ടമായി. തുടർന്നിറങ്ങിയ സൂര്യയെ (12) കൂട്ടുനിറുത്തി അഭിഷേക് അർദ്ധസെഞ്ച്വറിയിലെത്തി.ഏഴാം ഓവറിൽ സൂര്യയും ഒൻപതാം ഓവറിൽ അഭിഷേകും മടങ്ങിയപ്പോൾ സഞ്ജുവും തിലകും ക്രീസിൽ ഒരുമിച്ചു.ഒരു ഫോറും മൂന്ന് സിക്സുകളും പറത്തിയ സഞ്ജു 16-ാം ഓവറിലാണ് പുറത്തായത്.
മറുപടിക്കിറങ്ങിയ ലങ്കയെ സെഞ്ച്വറി നേടിയ പാത്തും നിസംഗയും (107) കുശാൽ പെരേരയും (58), ദാസുൻ ഷനകയും (22*) ചേർന്നാണ് 202/5ലെത്തിച്ചത്.
സൂര്യയ്ക്ക് പിഴ, ഇന്ത്യ അപ്പീലിന് ദുബായ് :ഏഷ്യാകപ്പ് ക്രിക്കറ്റിലെ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന്ശേഷം വിജയം സൈനികർക്ക് സമർപ്പിക്കുന്നുവെന്ന് പറഞ്ഞതിന് ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ. സൂര്യകുമാർ തങ്ങളുമായി ഷേക് ഹാൻഡിന് നിൽക്കാതെ മടങ്ങിയതിനും മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ സൈനികർക്കും രാജ്യത്തിനും വേണ്ടി സംസാരിച്ചതിൽ പാക് ക്രിക്കറ്റ് ബോർഡ് നൽകിയ പരാതിയിൽ ഹിയറിംഗ് നടത്തിയശേഷമാണ് ഐ.സി.സി പിഴ വിധിച്ചത്. ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്. അതേസമയം സൂപ്പർ ഫോർ മത്സരത്തിനിടയിൽ ബാറ്റുകൊണ്ട് തോക്ക് ചൂണ്ടൽ ഷോ നടത്തിയ സഹിബ്സദയ്ക്കും വിമാനം വെടിവച്ചിട്ടെന്ന ആക്ഷൻ കാണിച്ച ഹാരീസ് റൗഫിനും എതിരെ ഇന്ത്യ നൽകിയ പരാതിയിൽ പാക് താരങ്ങൾക്ക് മാച്ച് റഫറി നോട്ടീസ് നൽകി. ഹിയറിംഗ് നടത്തിയശേഷം ഇരുവർക്കുമുള്ള ശിക്ഷ പ്രഖ്യാപിക്കും. നാളെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഫൈനലിൽ ഏറ്റുമുട്ടും.