കെജ്‌രിവാളിന് ഓണക്കോടി സമ്മാനം

Saturday 27 September 2025 12:54 AM IST

കൊച്ചി: കോട്ടയത്ത് ആയുർവേദ ചികിത്സ പൂർത്തിയാക്കി മടങ്ങിയ ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് കേരളത്തിന്റെ സമ്മാനമായി ഓണക്കോടി നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസകൾ അറിയിച്ച് മന്ത്രി പി. രാജീവാണ് ഹാൻടെക്‌സിന്റെ ഓണക്കോടി സമ്മാനിച്ചത്.

കടുത്ത പ്രമേഹം, വിട്ടുമാറാത്ത ചുമ എന്നിവയുടെ ചികിത്സയ്‌ക്കാണ് ഈ മാസം പത്തിന് കെജ്‌രിവാൾ കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോടിലെ മടുക്കക്കുഴി ആയുർവേദ ആശുപത്രിയിലെത്തിയത്. മെഡിക്കൽ ഡയറക്‌ടർ ഡോ. ജോബിൻ ജോയി മടുക്കക്കുഴിയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. വ്യാഴാഴ്‌ച രാവിലെ ഡൽഹിക്ക് മടങ്ങി.

മടക്കയാത്രയിൽ കൊച്ചിയിൽ വച്ചാണ് മന്ത്രി രാജീവ് അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തിയത്.

ബംഗളൂരുവിലെ നാച്ചറോപ്പതി കേന്ദ്രയിലായിരുന്നു കഴിഞ്ഞ വർഷം വരെയും കെജ്‌‌രിവാൾ വാർഷിക ചികിത്സ നടത്തിയിരുന്നത്.