വെള്ളാപ്പള്ളിക്ക് സ്നേഹാദരവും ശിവഗിരി യൂണിയൻ ആസ്ഥാന മന്ദിരത്തിന്റെ ഉദ്‌ഘാടനവും
തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗത്തിന്റെ അമരത്ത് 30 വർഷം പൂർത്തിയാക്കിയ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് യോഗം ശിവഗിരി യൂണിയന്റെ നേതൃത്വത്തിൽ സ്നേഹാദരവ് നൽകുമെന്ന് യൂണിയൻ പ്രസിഡന്റ് ബി.ജയപ്രകാശൻ. സെക്രട്ടറി അജി.എസ്.ആർ.എം എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ശിവഗിരി യൂണിയന് വേണ്ടി വർക്കല ഗുരുകുലം ജംഗ്‌ഷനിൽ നിർമ്മിച്ച വെള്ളാപ്പള്ളി നടേശൻ നവതി മന്ദിരത്തിന്റെ ഉദ്‌ഘാടനവും സ്നേഹാദരവും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്‌ഘാടനം ചെയ്യും.
ഒക്ടോബർ 1 ന് വൈകിട്ട് 3 ന് വട്ടപ്ലാമൂട് ശ്രീമൂകാംബിക ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിക്കും.എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. മന്ത്രി വി.എൻ.വാസവൻ മുഖ്യാതിഥിയാകും. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. യൂണിയൻ പ്രസിഡന്റ് ബി.ജയപ്രകാശൻ സ്വാഗതവും സെക്രട്ടറി അജി എസ്.ആർ.എം നന്ദിയും പറയും.വാർത്താ സമ്മേളനത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് ജി.തൃദീപ്, യൂണിയൻ കൗൺസിലർമാരായ വി.അനിൽകുമാർ, വി.ശശിധരൻ എന്നിവരും പങ്കെടുത്തു.
വെള്ളാപ്പള്ളി
നവതി മന്ദിരം
എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയന് വേണ്ടി 5800 ചതുരശ്ര അടി വിസ്തൃതിയിലാണ് ആസ്ഥാന മന്ദിരം നിർമ്മിച്ചത്. 27 സെന്റ് സ്ഥലത്ത് പണിതീർത്ത 'വെള്ളാപ്പള്ളി നടേശൻ നവതി മന്ദിര'ത്തിൽ 200 പേർക്ക് ഇരിക്കാവുന്ന എ.സി. ഹാളും കൗൺസിൽ റൂമും, യൂണിയൻ ഭാരവാഹികൾക്കും,യൂത്ത് മൂവ്മെന്റ്, വനിതാ സംഘം ഭാരവാഹികൾക്കും പ്രത്യേകം മുറികളുമുണ്ട്. മൂന്ന് മുറികളുള്ള ഗസ്റ്റ് ഹൗസും സ്വിമ്മിംഗ് പൂളും നിർമ്മിച്ചിട്ടുണ്ട്.