നിരത്ത് വീണ്ടും ചോരക്കളമാവുന്നു; നാലു ദിവസത്തിനിടെ മൂന്നു മരണം

Saturday 27 September 2025 1:03 AM IST

മലപ്പുറം: റോഡ‌ിൽ വാഹന പരിശോധനകൾ ശക്തമാക്കിയെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും അപകടങ്ങൾക്ക് കുറവില്ല. നാല് ദിവസത്തിനിടെ മൂന്ന് ജീവനുകളാണ് നിരത്തുകളിൽ പൊലിഞ്ഞത്. ചങ്ങരംകുളം ചെറവല്ലൂരിൽ വാഹനാപകടത്തിൽ 25കാരനും പരപ്പനങ്ങാടിയിൽ മദ്ധ്യവയസ്കനും പെരുമ്പടപ്പിൽ വിദ്യാർത്ഥിയുമാണ് മരിച്ചത്. ക്രൈം റെക്കാർഡ് ബ്യൂറോയുടെ കണക്ക് പ്രകാരം ഈ വർഷം റോഡപകടങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ 1,602 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 160 പേർ മരിക്കുകയും 1,602 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമിത വേഗത, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, സീറ്റ് ബെൽറ്റും ഹെൽമെറ്റും ധരിക്കാത്തത്, റെഡ് സിഗ്നൽ അവഗണിക്കുക, തെറ്റായ ദിശയിൽ വണ്ടിയോടിക്കുക എന്നിവയാണ് പ്രധാന അപകട കാരണങ്ങൾ.

അപകടങ്ങളിൽ പെടുന്നവയിൽ അധികവും ഇരുചക്ര വാഹനങ്ങളാണ്. അശ്രദ്ധയും അമിതവേഗതയുമാണ് മിക്ക അപകടങ്ങളുടെയും കാരണം. റോ‌ഡിന്റെ ശോചനീയാവസ്ഥ അപകട സാദ്ധ്യതയും വർദ്ധിപ്പിക്കുന്നുണ്ട്. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നതും അപകടങ്ങൾക്ക് വഴി തുറക്കുന്നുണ്ട്.

വേണം പരിശോധനകൾ കൂടുതൽ ഇടങ്ങളിൽ എ.ഐ ക്യാമറകൾ വന്നതോടെ റോഡ് പട്രോളിംഗും പരിശോധനയുമെല്ലാം കുറഞ്ഞത് പലരും അവസരമാക്കുന്നുണ്ട്. എവിടെയെല്ലാം ക്യാമറയുണ്ടെന്നത് അറിയിക്കുന്ന ആപ്പുകളുടെ ദുരുപയോഗവും വ്യാപകമാണ്. ക്യാമറയുടെ പരിധിയിൽ എത്തുമ്പോൾ നിയമം പാലിച്ചും അല്ലാത്ത സമയങ്ങളിൽ അമിത വേഗതയിലും വാഹനമോടിക്കുന്നത് നിത്യകാഴ്ചയാണ്. പൊലീസ്,​ മോട്ടോർ വാഹന വകുപ്പിന്റെയും പട്രോളിംഗ് ശക്തമാക്കേണ്ട ആവശ്യകതയിലേക്ക് ഇത് വിരൽ ചൂണ്ടുന്നുണ്ട്. ദേശീയപാതയുടെ നിർമ്മാണം നല്ലൊരു പങ്കും പൂർത്തിയായതോടെ ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടുണ്ട്. എന്നാൽ ഇത്തരം പാതകളിൽ വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് പലർക്കും അവബോധമില്ല.

റോഡിൽ മരണക്കുഴി ജില്ലയിൽ പലയിടങ്ങളിലും റോഡുകളുടെ അവസ്ഥ തീർത്തും പരിതാപകരമാണ്. മഴയിൽ രൂപപ്പെട്ട കുഴികളിൽ വീണ് അപകടമുണ്ടാക്കുന്നത് പതിവായിട്ടുണ്ട്. ഇരുചക്ര വാഹനക്കാരാണ് കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നവരിൽ നല്ലൊരു പങ്കും. അടുത്തിടെ റോഡിലെ കുഴിൽ വാഹനം വീണ് രണ്ട് കുട്ടികളടക്കം മരണപ്പെട്ടിട്ടുണ്ട്.

വർഷം ............................. അപകടങ്ങൾ

2024 ................................. 3,488

2023 ................................. 3,256

2022 ................................. 2,​992,

2021................................... 2,​152