പുല്ലങ്കോട് എസ്റ്റേറ്റ് മാലിന്യ പ്രശ്നം: സംസ്ഥാന മലിനീകരണ ബോർഡ് പരിശോധന നടത്തി

Saturday 27 September 2025 1:04 AM IST

കാളികാവ്: പുല്ലങ്കോട് എസ്റ്റേറ്റ് മാലിന്യ പ്രശ്‌നത്തിൽ നാട്ടുകാരുടെ പരാതിയിൽ സംസ്ഥാന മലിനീകരണ ബോർഡ് പരിശോധന നടത്തി. പുല്ലങ്കോട് എസ്റ്റേറ്റ് ഫാക്‌ടറി മാലിന്യം പുറത്തേക്കൊഴുകുന്നത് സംബന്ധിച്ച് നാട്ടുകാർ നേരത്തെ പരാതി നൽകിയിരുന്നു.

മലിനീകരണ നിയന്ത്രണ ബോഡ് ഉദ്യോഗസ്ഥരെ പരിശോധനക്ക് അനുവദിക്കാത്ത സമീപനമാണ് മനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായത്.ഏറെ നേരത്തെ തർക്കത്തിനൊടുവിൽ,​ ഉന്നത ഉദ്യോഗസ്ഥരുമായി ഫോണിൽ സംസാരിച്ച ശേഷമാണ് പരിശോധനയ്ക്ക് അനുമതി നൽകിയത്. എസ്റ്റേറ്റിലെ ഫാക്ടറിയും മാലിന്യം ശേഖരിക്കുന്ന ടാങ്കുകളും സംഘം പരിശോധിച്ചു.സമീപത്തെ കിണറിൽ നിന്നും തോട്ടിൽ നിന്നും വെള്ളം സംഘം ശേഖരിച്ചിട്ടുണ്ട്.2020ലും 24ലും മാലിന്യ വിഷയത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മലിനീകരണ ബോർഡിന്റെ നിർദ്ദേശങ്ങൾ പലതും എസ്റ്റേറ്റ് നടപ്പാക്കായിട്ടില്ല.

അതിനിടെ മാദ്ധ്യമ പ്രവർത്തകർക്കെതിരെ എസ്റ്റേറ്റ്

സൂപ്പർവൈസർ ജിഷാദ് പെരുമ്പള്ളിയുടെ നേതൃത്വത്തിൽ കൈയേറ്റത്തിന് ശ്രമം നടന്നു. മാദ്ധ്യമ പ്രവർത്തകർ ചിത്രീകരിക്കുകയായിരുന്ന മൊബൈൽ പിടിച്ചു വാങ്ങി. ഇതിനെതിരെ കാളികാവിലെ മാധ്യമകൂട്ടായ്മ പരാതി നൽകും.

പരാതിയേറെ

ഫാക്ടറിയിൽ നിന്നും പുറം തള്ളുന്ന രാസ മാലിന്യം സമീപത്തെ തോട്ടിൽ ഒഴുക്കിയെന്നും ശുദ്ധ ജല സ്രോതസ്സുകൾ മലിനമായെന്നുമാണ് നാട്ടുകരുടെ പരാതി.ഇതുമായി ബന്ധപ്പെട്ട് നേരത്തെയുള്ള പരാതിയിൽ മലിനീകരണ ബോർഡിന്റെ നിർദ്ദേശങ്ങൾ എസ്റ്റേറ്റ് പാലിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.

എസ്‌റ്റേറ്റിലെ റബ്ബർ ഫാക്ടറി ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർകഴിഞ്ഞയാഴ്ച പ്രതിഷേധ മാർച്ചും പൊതു യോഗവും സംഘടിപ്പിച്ചിരുന്നു.

ഫാക്‌ടറിയിൽ നിന്നും പുറത്ത് നിന്നും ശേഖരിച്ച മലിനജലം പരിശോധിച്ച ശേഷം മറ്റു നടപടികൾ സ്വീകരിക്കും

മലിനീകരണ ബോർഡ് ഉദ്യോഗസ്ഥർ