തുടർചികിത്സയും ജോലിയും സർക്കാർ ഉറപ്പാക്കണം:സുമയ്യ
കാട്ടാക്കട: ജനറൽ ആശുപത്രിയിൽ ചികിത്സാ പിഴവിനിരയായ തനിക്ക് തുടർ ചികിത്സയും ജോലിയും സർക്കാർ ഉറപ്പാക്കണമെന്ന് കാട്ടാക്കട കിള്ളി തൊളിക്കോട്ടുകോണത്ത് റസിയ മൻസിലിൽ സുമയ്യ. ശരീരത്തിൽ കുടുങ്ങിയ 50 സെന്റീമീറ്റർ നീളമുള്ള വയർ പുറത്തെടുക്കുക അസാദ്ധ്യമാണെന്നും ശസ്ത്രക്രിയ ചെയ്താൽ സങ്കീർണ്ണമാകുമെന്നുമുള്ള വിദഗ്ദ്ധസമിതിയുടെ കണ്ടെത്തൽ പുറത്തുവന്നതോടെയാണ് സുമയ്യയുടെ പ്രതികരണം.
ആരോഗ്യവകുപ്പിന്റെ അനാസ്ഥകാരണം തന്റെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. ആറു വയസുള്ള കുഞ്ഞിനെ വളർത്തേണ്ടതുണ്ട്. തൈറോയ്ഡ് ചികിത്സയ്ക്കായെത്തി ഒടുവിൽ കേബിൾ കുടുങ്ങി ഇപ്പോൾ പലവിധ ശാരീരിക അസ്വസ്ഥതകളായി. ഇതിന്റെ ഉത്തരവാദി ഡോക്ടറാണ്. അദ്ദേഹത്തെ യാതൊരു കാരണവശാലും സർവീസിൽ തുടരാൻ അനുവദിക്കരുതെന്നും മറ്റൊരാൾക്കും ഈ ദുർവിധിയുണ്ടാകരുതെന്നും സുമയ്യ പറയുന്നു.ലാബ് ടെക്നീഷ്യൻ പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്ന തനിക്ക് പരിശീലനം അവസാനിപ്പിക്കേണ്ടിവന്നു. ആവശ്യം ഗൗരവത്തോടെ പരിഗണിച്ചില്ലെങ്കിൽ അനിശ്ചിതകാലം സമരം നടത്തുമെന്നും സുമയ്യയുടെ ബന്ധുക്കളും പറഞ്ഞു.
2023 മാർച്ച് 22നാണ് സുമയ്യ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തൈറോയ്ഡ് സംബന്ധമായി മുഴനീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.