തന്തൈ പെരിയാർ സ്മാരകത്തിന് ശിലയിട്ടു

Saturday 27 September 2025 1:08 AM IST

അരൂർ : വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ഇ.വി.രാമസ്വാമി നായ്ക്കർ (തന്തൈ പെരിയാർ)ക്കായി തമിഴ്നാട് സർക്കാർ അരൂക്കുറ്റിയിൽ നിർമ്മിക്കുന്ന സ്മാരകത്തിന്റെ ശിലാസ്ഥാപനം തമിഴ്നാട് മന്ത്രി എ. വി. വേലു നിർവഹിച്ചു. അരൂക്കുറ്റി ബോട്ട് ജെട്ടിക്ക് സമീപം നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. തമിഴ്നാട് മന്ത്രി എം.പി .സ്വാമിനാഥൻ, ദലീമ ജോജോ എം.എൽ.എ , ജില്ലാ കളക്ടർ അലക്സ് വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത്, എ .എം. ആരിഫ് എന്നിവർ പങ്കെടുത്തു. സ്മാരകത്തിനായി ബോട്ട് ജെട്ടിക്കുസമീപം അരയേക്കർ സ്ഥലം സംസ്ഥാന സർക്കാർ തമിഴ്നാടിന് നികുതിയില്ലാതെ കൈമാറിയിരുന്നു. ജയിൽ മാതൃകയിൽ നിർമിക്കുന്ന സ്മാരകത്തിൽ പെരിയാറിന്റെ പ്രതിമ, മ്യൂസിയം, ഹാൾ, പാർക്ക്, വിനോദസഞ്ചാര പദ്ധതികൾ തുടങ്ങിയവ ഒരുക്കും. തിരുവിതാംകൂർ-കൊച്ചി രാജ്യങ്ങളുടെ അതിർത്തിയായിരുന്ന അരൂക്കുറ്റിയിലെ ജയിലിലായിരുന്നു വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തതിനെ തുടർന്ന് രാമസ്വാമി നായ്ക്കരെ പാർപ്പിച്ചത്.