സേതുബന്ധന സ്മരണയിൽ ശ്രീരാമൻചിറയിൽ ചിറകെട്ട് , ഉത്സവം ഒക്ടോബർ രണ്ടിന്

Saturday 27 September 2025 1:10 AM IST

ചെമ്മാപ്പിള്ളിയിലെ ശ്രീരാമൻ ചിറ

തൃശൂർ: സേതുബന്ധനത്തിന്റെ സ്മരണ പുതുക്കാൻ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിന് സമീപം ചെമ്മാപ്പിള്ളിയിലെ ശ്രീരാമൻചിറ ചിറകെട്ട് ഉത്സവത്തിന് ഒരുങ്ങുന്നു. സീതയെ വീണ്ടെടുക്കാനായി രാമേശ്വരത്തു നിന്ന് ലങ്കയിലേക്ക് ശ്രീരാമനും വാനരസേനയും ചേർന്ന് സമുദ്രത്തിൽ നിർമ്മിച്ച സേതുബന്ധനത്തിന്റെ ഓർമ്മപുതുക്കലിന്റെ ഭാഗമായാണ് ഉത്സവം.

തൃപ്രയാർ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് ശ്രീരാമൻ ചിറയും ചിറകെട്ടോണം എന്ന പേരിലറിയപ്പെടുന്ന ചിറകെട്ട് ഉത്സവവും.

തൃപ്രയാർ ക്ഷേത്രത്തിന് നാലു കിലോമീറ്റർ അകലെ താന്ന്യം പഞ്ചായത്തിലെ പാടശേഖരത്താണ് എല്ലാ കൊല്ലവും കന്നിമാസത്തിലെ തിരുവോണം നാളിൽ ചിറക്കെട്ട് ഉത്സവം നടത്തുന്നത്. ഇത്തവണ ഒക്ടോബർ രണ്ടിനാണ് ചടങ്ങ്. ശ്രീരാമൻചിറ, പെരിങ്ങോട്ടുകരപ്പാടം, കണ്ണൻ ചിറ എന്നിങ്ങനെയുള്ള 900 പറ വീതമുള്ള പാടശേഖരത്താണ് ചിറകെട്ടുന്നത്.

തൃപ്രയാർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇവ.

ചിറ നിർമ്മിക്കാനുള്ള മണ്ണ്, മുള, ഓല തുടങ്ങിയവയെല്ലാം ക്ഷേത്രത്തിൽ നിന്നാണ് നൽകുന്നത്. പാടശേഖരത്തിന് കുറുകെ നീളത്തിൽ കെട്ടുന്ന ഒരു നീളൻ കെട്ടും, അതിനു പുറത്ത് അർദ്ധവൃത്താകൃതിയിൽ കെട്ടുന്ന വട്ടക്കെട്ടുമാണ് ചടങ്ങ്.

ചിറകെട്ട് ദിവസം പുലർച്ചെ മൂന്നിന് ക്ഷേത്രത്തിൽ നിയമവെടി കേൾക്കുമ്പോൾ, ശ്രീരാമൻചിറയിൽ തൃക്കാക്കരയപ്പനെ എഴുന്നള്ളിച്ചു വയ്ക്കും. പ്രദേശങ്ങളിലുള്ളവർ വീടുകളിൽ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് പൂവട, അരി, പയർ എന്നിവ നിവേദിക്കും.

ക്ഷേത്രനട നേരത്തെ അടയ്ക്കും

ചിറകെട്ട് ദിവസം വൈകിട്ട് ദീപാരാധനയും അത്താഴപൂജയും കഴിഞ്ഞ് തൃപ്രയാർ ക്ഷേത്രനട നേരത്തേ അടയ്ക്കും. തുടർന്ന് ദേവസ്വം അധികൃതർ, ശാന്തിക്കാരൻ എന്നിവരടക്കം ചിറകെട്ട് നടക്കുന്ന സ്ഥലത്തെത്തി അനുമതി നൽകുന്നതോടെയാണ് ചിറകെട്ട് ആരംഭിക്കുക. ക്ഷേത്രനട അടച്ച ശേഷം തൃപ്രയാർ തേവർ മുതലപ്പുറത്ത് കയറി ശ്രീരാമൻ ചിറയിൽ എത്തിച്ചേരുമെന്നാണ് വിശ്വാസം.