ആഘോഷനിറവിൽ അമൃതപുരി; അമ്മയുടെ 72-ാം ജന്മദിനം ഇന്ന്

Saturday 27 September 2025 1:15 AM IST

കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി ദേവിയുടെ 72-ാം ജന്മദിനമായ ഇന്ന് കരുനാഗപ്പള്ളി അമൃതപുരിയിൽ വിപുലമായ ആഘോഷ പരിപാടികൾ. പുലർച്ചെ 5ന് 108 ഗണപതി ഹോമങ്ങളോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. 9ന് ഗുരുപാദപൂജയ്ക്ക് ശേഷം അമ്മ ജന്മദിന സന്ദേശം നൽകും. തുടർന്ന് അമ്മയുടെ നേതൃത്വത്തിൽ സത്സംഗം. വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആദിവാസി ഗോത്രാംഗങ്ങൾ നയിക്കുന്ന ലോകശാന്തി പ്രാർത്ഥന, 7ന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി നയിക്കുന്ന സത്സംഗം, പ്രസാദ വിതരണം എന്നിവയും നടക്കും.

കേന്ദ്രമന്ത്രിമാരായ ജെ.പി.നദ്ദ, എൽ.മുരുകൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ നൃത്താർച്ചന, സംഗീതാർച്ചന തുടങ്ങിയവയും അരങ്ങേറും. അമൃതാനന്ദമയി മഠത്തിന്റെ അമൃതകീർത്തി പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്യും.

നിർദ്ധനരായ യുവതീയുവാക്കളുടെ സമൂഹ വിവാഹം, ആശ്രമത്തിലെ പുതിയ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം, മഠത്തിന് കീഴിൽ പ്രവർത്തിക്കുന്ന 15,000ത്തിലധികം സ്വാശ്രയ സംഘങ്ങൾക്കും കുടുംബാംഗങ്ങൾക്കുമുള്ള വസ്ത്രങ്ങളുടെയും പ്രവർത്തന മൂലധനത്തിന്റെയും വിതരണോദ്ഘാടനം എന്നിവയും കൊച്ചിയിലും ഫരീദാബാദിലുമുള്ള അമൃത ആശുപത്രികളിൽ നടത്തുന്ന സൗജന്യ ശസ്ത്രക്രിയകളുടെയും കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ പാവപ്പെട്ടവർക്ക് 6,000 ടോയ്‌ലെറ്റുകൾ നിർമ്മിച്ച് നൽകുന്നതിന്റെ പ്രഖ്യാപനവും ചടങ്ങിൽ നടക്കും. അമൃതപുരിയിലെത്തുന്ന എല്ലാവരെയും അമ്മ നേരിൽ കാണും. വിദേശത്ത് നിന്നുൾപ്പെടെ ഭക്തർ അമൃതപുരിയിലെത്തും. ആഘോഷങ്ങളുടെ ഭാഗമായി അമൃതപുരിയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി.